17-thnkamma
തങ്കമ്മ

കൂടൽ: വീടിന് പുറത്തേക്കുള്ള വഴിയടച്ചത് മൂലം ആശുപത്രിയിലേക്ക് പോലും പോവാനാവാതെ വൃദ്ധ മാതാവ് ദുരിതത്തിൽ. കൂടൽ, കാരയ്ക്കകുഴി, പൂക്കുളവേലിൽ തങ്കമ്മയാണ് ആശുപത്രിയിൽ പോലും പോകാനാവാതെ വീട്ടുതടങ്കലിൽ കഴിയുന്നത്. നൂറ് വയസ് പ്രായമുള്ള തങ്കമ്മയ്ക്ക് ആറ് മാസങ്ങൾക്ക് മുൻപ് വീടിനുള്ളിൽ വീണ് നട്ടെല്ലിന് ഉണ്ടായ ക്ഷതത്തെ തുടർന്ന് കിടപ്പിലായി. ഇവരുടെ വീട്ടിലേക്കുള്ള വഴിയുടെ പ്രധാന ഗേറ്റ് ചെറുമകൻ ആറ് മാസങ്ങൾക്ക് മുൻപ് താഴിട്ട് പൂട്ടി. വൃദ്ധക്ക് ചികിത്സ ലഭിക്കാതെ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കൊച്ചുമകനായിരിക്കുമെന്നും ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിട്ടും വഴി തുറക്കാൻ നടപടിയുണ്ടായില്ലന്ന് മകൾ സുജാത പറയുന്നു. സുജാതയുടെ പിതാവിന്റെ പേരിലുള്ള വസ്തുവകകൾ എല്ലാവരെയും സംരക്ഷിച്ചു കൊള്ളാമെന്ന വ്യവസ്ഥയിൽ കൊച്ചുമകൻ എഴുതി വാങ്ങിയ ശേഷം ഇവരാരുമറിയാതെ മറ്റൊരാൾക്ക് വിൽപ്പന നടത്തിയതായി പറയപ്പെടുന്നു. ഇതിനെ തുടർന്ന് വീട്ടുകാർ അടൂർ ആർ.ഡി.ഒ യ്ക്ക് നൽകിയ പരാതിയെ തുടർന്ന് രജിസ്‌ട്രേഷൻ മരവിപ്പിച്ചിരുന്നു. ജനപ്രതിനിധികൾ ഒത്തുതീർപ്പിന് ശ്രമിക്കുന്നതിനിടെ ചെറുമകൻ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടർന്ന് വീട്ടുകാർ വസ്തുവിൽക്കാൻ സമ്മതിച്ചു. അന്ന് വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തരുതെന്ന ഉപാദികളോടെയാണ് വിൽപ്പനയ്ക്ക് സമ്മതിച്ചതെന്നും, അത് ലംഘിച്ചാണ് വഴിയിലെ ഗേറ്റ് താഴിട്ട് പൂട്ടിയതെന്നും സുജാത പറയുന്നു. വഴിയുള്ളപ്പോൾ വീടിനോട് ചേർന്ന മുറിയുടെ ഭാഗത്ത് വാഹനമെത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്. അറ്മാസങ്ങളായി ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ കിടപ്പിലായ വയോധികയുടെ ശരീരത്തിൽ വൃണങ്ങളും രൂപപ്പെട്ടിട്ടുണ്ട്.