പത്തനംതിട്ട : ഐതിഹ്യ വിശുദ്ധിയുടെ നിറവിൽ സന്നിധാനത്ത് അമ്പലപ്പുഴ ദേശക്കാരുടെ ഭക്തിസാന്ദ്രമായ ശീവേലി എഴുന്നള്ളത്ത് നടന്നു. മാളികപ്പുറത്തുനിന്ന് ആരംഭിച്ച എഴുന്നള്ളത്ത്, പതിനെട്ടാം പടിക്കലെത്തി, പടി പതിനെട്ടും കഴുകി, കർപ്പൂര ആരാധന നടത്തിയിറങ്ങി. ദർശനം നടത്തിയശേഷം മാളികപ്പുറത്തേയ്ക്ക് മടങ്ങി.
തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന കൊടിക്കൂറകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ, മാളികപ്പുറം മേൽശാന്തി രജിൽ നീല കണ്ഠൻ നമ്പൂതിരി മണിമണ്ഡപത്തിൽ പൂജിച്ച തിടമ്പ്, ജീവകയിൽ പ്രതിഷ്ഠിച്ചാണ് എഴുള്ളത്ത് ആരംഭിച്ചത്. സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ളയാണ് തിടമ്പ് ഏറ്റുവാങ്ങിയത്. സംഘാംഗങ്ങൾ കർപ്പൂര താലമേന്തി ശീവേലിയിൽ അണിനിരന്നു. രണ്ടു മാളികപ്പുറങ്ങളും 50 അയ്യപ്പൻമാരുമായി ജനുവരി എട്ടിന് അമ്പലപ്പുഴ ക്ഷേത്രത്തിൽനിന്നുമാണ് സംഘം പുറപ്പെട്ടത്. വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാണ് സന്നിധാനത്തെത്തിയത്. മണിമലക്കടവ് ദേവീക്ഷേത്രത്തിൽ ആഴിപൂജ നടത്തി. എരുമേലിയിൽ പേട്ടതുള്ളി, ശേഷം 13ന് രാത്രിയാണ് സംഘം സന്നിധാനത്ത് എത്തിയത്.
മകരവിളക്ക് ദിവസം രാവിലെ, ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റി, അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തി. കാര എള്ള്, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം, മുന്തിരി എന്നിവ ചേർത്ത് തയാറാക്കിയ എള്ള് പായസമാണ് മഹാനിവേദ്യത്തിന് നിവേദിച്ചത്. സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, വൈസ് പ്രസിഡന്റ് ജി.ശ്രീകുമാർ, ജോ.സെക്രട്ടറി വിജയ് മോഹൻ, ഖജാൻജി ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘമെത്തിയത്.