dmo
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ. ഷീജ കോവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിക്കുന്നു

പത്തനംതിട്ട : ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒൻപത് കേന്ദ്രങ്ങളിൽ ആദ്യഘട്ട കൊവിഡ് വാക്‌സിനേഷന്റെ ആദ്യദിനം വിജയകരമായി പൂർത്തീകരിച്ചു. ജില്ലയിൽ ആദ്യദിനം ഒൻപത് വാക്‌സിനേഷൻ സെന്ററുകളിലുമായി 592 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി. ഗുരുതരമായ പാർശ്വഫലങ്ങൾ ആർക്കും റിപ്പോർട്ട് ചെയ്തില്ല. ഇന്ന് വാക്‌സിനേഷൻ ഇല്ല. 18ന് തുടരും.
ഇന്നലെ രാവിലെ ഒൻപതു മുതൽ വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിനു ശേഷം വാക്‌സിനേഷൻ തുടങ്ങി. ആദ്യഘട്ടത്തിൽ ഗവൺമെന്റ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിൻ നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.എൽ. ഷീജയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആദ്യമായി കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ജില്ലാ കളക്ടർ പി.ബി. നൂഹ്, പത്തനംതിട്ട നഗരസഭ ചെയർമാർ അഡ്വ. സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ സിന്ധു അനിൽ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, ആർ.സി.എച്ച് ഓഫീസർ ഡോ.ആർ. സന്തോഷ് കുമാർ, ആർ.എം.ഒ ഡോ. ആഷിഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ഡോ. പ്രതിഭ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എബി സുഷൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. പത്മകുമാരി തുടങ്ങിയവർ പങ്കെടുത്തു.

അടൂർ ജി.എച്ചി.ൽ ഡോ. ജയചന്ദ്രൻ ആദ്യ ഡോസ് സ്വീകരിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.നിരൺ ബാബു തുടങ്ങിയവർ പങ്കെടുത്തു.
കോന്നി താലൂക്ക് ആശുപത്രിയിൽ ഡോ.അരുൺ ആദ്യ ഡോസ് സ്വീകരിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രശ്മി തുടങ്ങിയവർ പങ്കെടുത്തു.

റാന്നി താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ഉമ്മൻ മോഡിയിൽ ആദ്യ ഡോസ് സ്വീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്.നന്ദിനി പങ്കെടുത്തു.
അയിരൂർ ജില്ലാ ആയൂർവേദ ആശുപത്രിയിൽ ഡോ. വീണ (ആയുർവേദം) വാക്‌സിൻ സ്വീകരിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശാ പ്രവർത്തക ഷീലാ ബിജു ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, ഹോമിയോ ഡി.എം.ഒ ഡോ. ബിജുകുമാർ, ആർദ്രം അസി. നോഡൽ ഓഫീസർ ഡോ. ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ പി.ബി. നൂഹ് വിവിധ വാക്‌സിനേഷൻ സെന്ററുകൾ സന്ദർശിച്ചു.

രണ്ടാം ഘട്ടത്തിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട

മുൻനിര പ്രവർത്തകർക്കും, മൂന്നാംഘട്ടത്തിൽ പൊതുജനങ്ങൾക്കുമാണ് വാക്‌സിൻ നൽകുക.

ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസ് വാക്‌സിനും ഉറപ്പുവരുത്തും.

വാക്‌സിൻ എടുത്തു കഴിഞ്ഞാലും കൊവിഡ് പ്രതിരോധ മാർഗങ്ങൾ എല്ലാവരും പാലിക്കണം.

ഒരു ദിവസം ഒരുസെന്ററിൽ 100 പേർക്കാണ് വാക്‌സിൻ സജീകരിച്ചിരുന്നത്.

വാക്‌സിൻ എടുത്തവർക്ക് അടുത്ത ദിവസങ്ങളിൽ പനിയോ തലവേദനയോ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിൽ ഭയപ്പെടേണ്ടതില്ല.

ഡോ. എ.എൽ. ഷീജ

ജില്ലാ മെഡിക്കൽ ഓഫീസർ