ഓമല്ലൂർ: നാറ്റമുളള കാറ്റേൽക്കാതെ ഇനി ഓമല്ലൂർ ചന്തയിൽ നിൽക്കാം. ചന്തയും പരിസരവും വൃത്തിയാക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ മാലിന്യവും യന്ത്രസഹായത്തോടെ നീക്കി. ചീഞ്ഞ് നാറിയ മാലിന്യത്താൽ ആറ് മാസമായി ദുർഗന്ധപൂരിതമായിരുന്നു ഓമല്ലൂർ ചന്ത. ഇക്കാര്യം കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. ഓമല്ലൂർ ഗ്രാമസംരക്ഷണ സമിതി പ്രസിഡന്റ് രവീന്ദ്ര വർമ്മ അംബാനിലയം പ്രശ്നത്തിൽ ഇടപെട്ട് ഗ്രാമപഞ്ചായത്തിന് നിവേദനം നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അടിയന്തര നടപടിയെടുത്തതോടെയാണ് ചന്തയിലെ മാലിന്യം ഒറ്റ ദിവസം കൊണ്ട് നീക്കിയത്. മാലിന്യം തള്ളരുതെന്ന് വ്യാപാരികൾക്ക് പഞ്ചായത്ത് കർശന നിർദേശം നൽകി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചു.
ക്ലീൻ ഓമല്ലൂർ പദ്ധതിക്ക് തുടക്കം
പഞ്ചായത്തിനെ മാലിന്യ മുക്തമാക്കാനുള്ള ക്ളീൻ ഓമല്ലൂർ പദ്ധതിക്ക് പ്രസിഡന്റ് ജോൺസൺ വിളവിനാൽ തുടക്കം കുറിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സായി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി 500 സാനിട്ടറി കിറ്റുകൾ മച്ചിക്കാട് കോളനിയിൽ വിതരണം ചെയ്തു.ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മറ്റ് കോളനികളിലും സാനിട്ടറി കിറ്റുകൾ വിതരണം ചെയ്യുമെന്ന് ജോൺസൺ വിളവനാൽ അറിയിച്ചു. ആധുനിക അറവ് ശാലയുടെ നിർമ്മാണം പൂർത്തിയാക്കാൻ നടപടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
- സ്ഥലത്ത് കാമറ സ്ഥാപിച്ചു