കുടുംബത്തിന് ചേരാത്ത പെണ്ണ് എന്ന് പറയുമ്പോലെയാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐ.വർഗീയതയുടെ കാര്യത്തിൽ ആർ.എസ്.എസിനോളം 'തീവ്ര'മാണ് സഖാക്കൾക്ക് എസ്.ഡി.പി.ഐ. അതുകൊണ്ടാണ് ഇടത് കുടുംബത്തിൽ കയറ്റാതെ എസ്.ഡി.പി.ഐയെ അകറ്റി നിറുത്തുന്നത്. തരം കിട്ടുമ്പോഴൊക്കെ കൊണ്ടും കൊടുത്തും നിൽക്കുകയാണ് ഇരുകൂട്ടരും. പക്ഷേ, അധികാരക്കസേര പിടിക്കാൻ ഒന്നോരണ്ടോ പേരുടെ കുറവുണ്ടാകുമ്പോഴൊക്കെ, കുടുംബത്തിനു കൊള്ളാത്ത ആ പെണ്ണിനെ ഇരുട്ടിന്റെ മറവിൽ സഖാക്കൾ വിളിച്ചു കൊണ്ടുവരും. ആരും കാണാതെ വേളി കഴിക്കും. അത്തരമൊരു ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണ് പത്തനംതിട്ട നഗരസഭയിൽ.
മൗനം സമ്മതം
ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ ത്രിശങ്കുവിലായ നഗരസഭയിൽ ഭരണംപിടിക്കാൻ സാഹചര്യം ഒത്തുവന്നത് ഇടതുമുന്നണിക്കാണ്. പത്തുവർഷം യു.ഡി.എഫിന്റെ കൈവശമിരുന്ന നഗരസഭ ഇത്തവണ പിടിച്ചെടുത്തില്ലെങ്കിൽ 'പിന്നില്ല' എന്നറിയാവുന്ന സി.പി.എം, എസ്.ഡി.പി.ഐയുമായി രഹസ്യക്കല്ല്യാണം നടത്തി. 32 അംഗ നഗരസഭയിൽ എൽ.ഡി.എഫ് -13, യു.ഡി.എഫ് - 13, എസ്.ഡി.പി.എെ - 3, സ്വതന്ത്രർ - 3 എന്നിങ്ങനെ കക്ഷിനില വന്നപ്പോൾ സ്വതന്ത്രരെ ഒപ്പം കൂട്ടി എൽ.ഡി.എഫ് അംഗസംഖ്യ 16ലെത്തിച്ചു. ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവ്. ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് എസ്.ഡി.പി.ഐഎെയെ പാട്ടിലാക്കി സമനില പിടിക്കാതിരിക്കാൻ എസ്.ഡി.പി.ഐയ്ക്ക് എൽ.ഡി.എഫ് ചില വാഗ്ദാനങ്ങൾ നൽകിയെന്നത് അങ്ങാടിപ്പാട്ടായി.
രഹസ്യ ധാരണയിലെത്തും മുൻപേ മുൻ നഗരസഭ ചെയർമാൻ സക്കീർ ഹുസൈനെ സി.പി.എം വീണ്ടും ചെയർമാനായി പ്രഖ്യാപിച്ചത് എസ്.ഡി.പി.എെയ്ക്ക് ബോധിച്ചിരുന്നു. പ്രത്യുപകരമായി അവർ ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാതിരുന്നു. 13 നെതിരെ 16 വോട്ട് നേടി സക്കീർ ഹുസൈൻ അധികാര കസേരയിലിരുന്നു. ഇത് രഹസ്യ ബാന്ധവമെന്ന് വിളിച്ചുപറഞ്ഞ യു.ഡി.എഫുകാരെ, 'എസ്.ഡി.പി.ഐക്കാർ വോട്ടു ചെയ്യാതിരുന്നതിന് ഞങ്ങളെന്തു പിഴച്ചെന്ന് ? 'മറുചോദ്യം കൊണ്ട് എൽ.ഡി.എഫ് തളച്ചു. ജില്ലാ സ്റ്റേഡിയം വികസനത്തിന്റെ ധാരണപത്രം ഒപ്പിടാൻ ചേർന്ന ആദ്യ നഗരസഭാ കൗൺസിൽ യോഗത്തിൽ നടന്ന വോട്ടെടുപ്പിലും എസ്.ഡി.പി.ഐ മൗനം തുടർന്നു. സി.പി.എം - എസ്.ഡി.പി.ഐ ബന്ധമെന്ന് വീണ്ടും പറഞ്ഞവരെ പഴയ ചോദ്യം കൊണ്ടു തന്നെ സി.പി.എം നേരിട്ടു. പക്ഷേ, ബന്ധം പുറത്തേക്ക് തലനീട്ടിയത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തിരഞ്ഞെടുപ്പിലായിരുന്നു. വിദ്യാഭ്യാസം, കല, കായികം സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി എസ്.ഡി.പി.ഐ അംഗം എസ്. ഷെമീർ തിരഞ്ഞെടുക്കപ്പെട്ടത് സി.പി.എമ്മിന്റെ സഹായത്തോടെയാണെന്ന് ആക്ഷേപം ശക്തമായി. രഹസ്യബന്ധം മാലോകരെ അറിയിക്കാൻ യു.ഡി.എഫ് നഗരത്തിൽ പ്രകടനം നടത്തി.
സി.പി.ഐ പിണങ്ങിയിറങ്ങി
മാന്യത കാട്ടിയത് സി.പി.ഐയാണ്. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തിരഞ്ഞെടുപ്പിന് മുൻപായി ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ എസ്.ഡി.പി.ഐ ബന്ധം ശരിയാവില്ല എന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു. നമുക്ക് ചേരാത്തവരെ വീട്ടിൽ കയറ്റരുതെന്ന് സി.പി.ഐ ശാഠ്യം പിടിച്ചെങ്കിലും ഭരണം തുടരാൻ ബന്ധമല്ലാതെ വേറെ വഴിയില്ലെന്ന നിലപാടിലായിരുന്നു സി.പി.എം.
വാർഡ് തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയെ പരാജയെപ്പെടുത്തി ആളെ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനാകാൻ അനുവദിച്ചതിൽ പാർട്ടിക്കുണ്ടായ ക്ഷോഭം പൊട്ടിത്തിറിയിൽ അവസാനിച്ചു. എസ്.ഡി.പി.ഐ ബന്ധത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ച് സി.പി.ഐ നേതാക്കൾ എൽ.ഡി.എഫ് യോഗം ബഹിഷ്കരിച്ചു.
കോളേജ് കാമ്പസുകളിലെ ഭിത്തികളിൽ വരച്ചിടുന്ന ലൗ ചിഹ്നം പോലെ നഗരത്തിൽ കാണുന്നിടത്തെല്ലാം 'സി.പി.എം - എസ്.ഡി.പി. ഐ ലവ് ' വരച്ച് രഹസ്യബാന്ധവത്തെ യു.ഡി.എഫ് തെരുവിൽ ആഘോഷിച്ചു. നഗരസഭയിലെ ഇടതുമുന്നണിയിൽ രണ്ടാംകക്ഷി ആര് എന്നൊരു പരിഹാസച്ചോദ്യം സി.പി.ഐയ്ക്ക് നേരെ യു.ഡി.എഫ് എറിയുന്നുണ്ട്. സി.പി.എമ്മിനെതിരെ അമർഷം അമർത്തിപ്പിടിച്ചിരിപ്പാണ് സി.പി.ഐക്കാർ. നഗരസഭ ഭരിക്കുന്നത് എസ്.ഡി.പി.ഐആണെന്ന് സി.പി.ഐ പതുക്കെ പറയുന്നു.
ഭരണകക്ഷിയല്ലെങ്കിലും ഭരിക്കുന്ന പാർട്ടിയേപ്പോലെ തലയെടുപ്പ് എസ്.ഡി.പി.ഐയ്ക്കുമുണ്ട്. കഴിഞ്ഞ നഗരസഭയിൽ അവർക്ക് ഒരു സീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ അത് മൂന്നാക്കിയത് ശക്തമായ വർഗീയത ധ്രുവീകരണത്തിലൂടെയാണെന്ന് സംസാരമുണ്ട്. പത്തുവർഷമായി ഹിന്ദു വിഭാഗത്തിലെ ആളുകൾ ചെയർമാനായിരുന്ന നഗരസഭയിൽ ഇത്തവണ നമ്മുടെ ആള് ഇരിക്കട്ടെ എന്നൊരു ചിന്ത എസ്.ഡി.പി.ഐ ഉണർത്തിയെടുത്തു.