കോഴഞ്ചേരി: കാലം തെറ്റിയെത്തിയ മഴ നൽകുന്ന ദുരിതത്തിന് പുറമെ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളുടെ വിളയാട്ടം മൂലമുണ്ടാകുന്ന കൃഷി നഷ്ടവും കുടിയാകുമ്പോൾ കർഷകർക്ക് പറയാനുള്ളത് നഷ്ടങ്ങളുടെ കണക്ക്. ചെറുകോൽ, തോട്ടപ്പുഴശേരി, ആറന്മുള പഞ്ചായത്തുകളിലാണ് കഴിഞ്ഞ ഏതാനും ദിവസമായി പന്നി ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴ കാരണമുള്ള വെള്ളക്കെട്ട് പാടങ്ങളിലും പറമ്പുകളിലും കാർഷിക വിളകൾക്ക് നൽകുന്ന ഭീഷണിയ്ക്ക് പുറമെയാണ് പന്നിക്കൂട്ടങ്ങളും വിളകൾ കുത്തിമറിച്ച് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഉപദ്രവകാരികളായ പന്നികളെ വെടിവച്ചു കൊല്ലാമെന്ന നിയമം അയിരൂർ പോലെ ഏതാനും പഞ്ചായത്തുകളിൽ മാത്രം നടപ്പാക്കിയതൊഴിച്ചാൽ മറ്റു സ്ഥലങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ പതിയുന്നില്ലെന്നാണ് കർഷകരുടെ പരാതി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ പന്നികളെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊല്ലാനുള്ള വിലക്കും നീങ്ങിയ സ്ഥിതിക്ക് വനം വകുപ്പ് അധികൃതർ നടപടികൾ ഊർജിതമാക്കണമെന്നാണ് ആവശ്യം.
തോട്ടപ്പുഴപഞ്ചായത്തിൽ ഏക്കറ് കണക്കിന് കൃഷിനാശം
തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂർ,തടിയൂർ,തോണിപ്പുഴ,നെടും പ്രയാർ ഭാഗങ്ങളിൽ കർഷകർക്ക് ഏക്കർ കണക്ക് സ്ഥലത്തെ കൃഷികളാണ് മാസങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ചെറുകോൽ കാട്ടൂർ പതാലി പാറയിൽ സൈനുദീന്റെ കപ്പക്കൃഷിയും ഇക്കൂട്ടത്തിൽ പെടും. ആറന്മുള പഞ്ചായത്തിലെ കിടങ്ങന്നൂർ മണപ്പള്ളി ഭാഗത്തും പന്നി ശല്യം തുടങ്ങിയിട്ടുണ്ട്. മധുരം പറമ്പിൽ ജോണി, മഠത്തിൽ രാധാകൃഷ്ണൻ നായർ, മൊതക്കോടു പടിഞ്ഞാറേതിൽ ബേബി, ബിജു, കുടപ്പുരയിൽ സജീവൻ എന്നിവരുടെ വിളവെടുക്കാറായ കൃഷികളാണ് കഴിഞ്ഞ രാത്രിയിൽ നശിച്ചത്. പി.ഐ.പി കനാലനോടു ചേർന്ന് പാട്ടത്തിനെടുത്ത പാടശേഖരത്തെ കൃഷിയായിരുന്നു ഇത്. ഇവിടെ കനാലിനു സമീപം വളർന്നു നിൽക്കുന്ന കാടിനുള്ളിലാണ് പന്നികളുടെ താവളം. കാട് നീക്കം ചെയ്യണമെന്ന കർഷകരുടെ ആവശ്യം വർഷങ്ങളായി നടപ്പാകുന്നില്ല.