lab
സമഗ്രശിക്ഷാ കേരളത്തിന്റെ ഗണിത, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവ്വഹിക്കുന്നു

തിരുവല്ല: ജില്ലയിലെ മുഴുവൻ എൽ.പി, യു.പി കുട്ടികൾക്കായി വീട്ടിലൊരു ഗണിതലാബ്, യു.പി വിഭാഗം കുട്ടികൾക്കായി വീട്ടിലൊരു സാമൂഹ്യശാസ്ത്രം ലാബ് എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. സമഗ്രശിക്ഷ പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് പരിപാടി. ഗണിതം,സാമൂഹ്യശാസ്ത്രം ലാബുകൾ നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങൾ കുട്ടിക്ക് വാങ്ങി നൽകുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ജോസ് മാത്യു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ സാമൂഹ്യശാസ്ത്രലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോജക്ട് കോർഡിനേറ്റർ സിന്ധു പി.എ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അജോമോൻ വി.ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവകുമാർ.ആർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫൈസൽ പി.എച്ച്, വാർഡ് മെമ്പർ അനി സാബു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോർഡിനേറ്റർ രാജേഷ്.എസ്. വള്ളിക്കോട്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കുഞ്ഞുമൊയ്ദീൻ കുട്ടി, ജില്ലാ പ്രോഗ്രാം ഓഫീസർ ജയലക്ഷ്മി എ.പി എന്നിവർ പ്രസംഗിച്ചു.

അദ്ധ്യാപക പരിശീലനം പൂർത്തിയായി
ആദ്യഘട്ടത്തിൽ ഗണിതം (1 മുതൽ 7 വരെ), സാമൂഹ്യശാസ്ത്രം എന്നീ വിഭാഗം അദ്ധ്യാപകർക്ക് പരിശീലനം പൂർത്തിയാക്കി. ഓരോ ക്ലാസിലേയും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ആവശ്യമായ പരിശീലനം നൽകും. തുടർന്ന് 1 മുതൽ 7 വരെയുള്ള ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഗണിത, ശാസ്ത്രലാബ് നിർമ്മിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങി വീട്ടിലെത്തിച്ചു നൽകും. യു.പി വിഭാഗം കുട്ടികൾക്ക് സാമൂഹ്യശാസ്ത്ര ലാബിലേക്ക് ആവശ്യമായ സാമഗ്രികളും വാങ്ങി നൽകുന്നതാണ്. ജില്ലയിലെ 1 മുതൽ 7 വരെ ക്ളാസുകളിലെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.