പത്തനംതിട്ട: തോക്ക് കൈവശം വച്ചിരിക്കുന്നവർ 'കീഴടങ്ങണം' എന്ന് പൊലീസ്. അപ്രതീക്ഷിതമായ അറിയിപ്പ് കേട്ട് ലൈസൻസുള്ള തോക്ക് ഉടമകൾ ഞെട്ടി. തോക്ക് ലൈസൻസുള്ളവർ മാർഗനിർദേശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സറണ്ടർ ചെയ്യണമെന്ന് വാക്കാൽ പൊലീസ് അറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ, പൊലീസിന്റെ നിർദേശം അനവസരത്തിലും അനാവശ്യവുമാണെന്നും ഹൈക്കോടതി നിബന്ധനകളുടെ ലംഘനവുമാണെന്ന് തോക്ക് ഉടമകൾ പറയുന്നു.
പെരുമ്പെട്ടി, കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് തോക്ക് സറണ്ടർ ചെയ്യാൻ ആവശ്യപ്പെട്ട് ഉടമകൾക്ക് അറിയിപ്പ് ലഭിച്ചത്. സാധാരണ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത്തരം അറിയിപ്പുകൾ ലഭിക്കുന്നത്. ക്രിമിനൽ കേസുകളിൽ പെട്ടവർ, സംഘർഷമുണ്ടാകാൻ സാദ്ധ്യതയുളള സ്ഥലങ്ങളിൽ ഉൾപ്പെടുന്നവർ എന്നിവരാണ് തോക്കുകൾ സറണ്ടർ ചെയ്യേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇത്തരം അറിയിപ്പിന് പ്രസക്തിയില്ലെന്നാണ് തോക്കുടമകളുടെ വാദം. അറിയിപ്പ് നൽകേണ്ട അധികാരി ജില്ലാ കളക്ടറാണ്. കളക്ടറും ജില്ലാ പൊലീസ് ചീഫും അടങ്ങുന്ന സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്.
പൊലീസ് സ്റ്റേഷനുകളിൽ സൗജന്യമായാണ് തോക്കുകൾ സൂക്ഷിക്കേണ്ടത്. എന്നാൽ, തോക്കുമായി ചെല്ലുന്നവരോട് തോക്ക് സൂക്ഷിക്കുന്ന സ്വകാര്യ ഏജൻസിയിലേക്കാണ് പൊലീസ് പറഞ്ഞുവിടുന്നത്. പൊലീസ് സ്റ്റേഷനുകളിൽ തോക്ക് സൂക്ഷിക്കാൻ സൗകരങ്ങൾ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഏജൻസി ഒരു മാസത്തേക്ക് തോക്ക് സൂക്ഷിക്കുന്നതിന് 200 - 300 രൂപ ഇൗടാക്കുന്നുണ്ട്.
കൃഷിയിടത്തിൽ ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ ലൈസൻസുളള തോക്കുടമകൾക്ക് അധികാരം നൽകിയിട്ടുണ്ട്. ജില്ലയിൽ വ്യാപകമായി പന്നിശല്യം രൂക്ഷമാകവെ, തോക്ക് സറണ്ടർ ചെയ്യണമെന്ന പാെലീസ് നിർദേശം ദുരൂഹതയുണ്ടാക്കുന്നുവെന്ന് ആക്ഷേപമുയരുന്നു.
ലൈസൻസുള്ള തോക്കുടമകൾ 348.
'' തോക്ക് സറണ്ടർ ചെയ്യണമെന്ന് ചില പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഉടമകളെ വിളിച്ച് പറയുന്നുണ്ട്. രേഖാ മൂലം അറിയിപ്പ് നൽകിയിട്ടില്ല. സറണ്ടർ ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ല.
റോബിൻ, തോക്ക് ഉടമ.