mala
ശബരി​മലയി​ൽ ഇന്നലെ വൈകി​ട്ട് ദർശനത്തി​നായി​ കാത്തുനി​ൽക്കുന്ന തീർത്ഥാടകർ

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് അയ്യപ്പസന്നിധിയിലേക്കുള്ള എഴുന്നെള്ളത്തുകൾ നാളെ ഇന്ന് സമാപിക്കും. ശരംകുത്തിയിലേക്കാണ് എഴുന്നെള്ളത്ത്. തിങ്കളാഴ്ച്ച അത്താഴപൂജക്ക് ശേഷമാണ് മാളികപ്പുറത്ത് നിന്ന് എഴുന്നെള്ളത്ത് പുറപ്പെടുക. ചൊവ്വാഴ്ച്ച രാത്രി ഹരിവരാസനം പാടി നടയടച്ചതിന് ശേഷമാണ് മാളികപ്പുറത്ത് ഗുരുതി.
എഴുന്നെള്ളത്ത്, നായാട്ട് വിളി, കളമെഴുത്ത്, കളമെഴുത്ത്പാട്ട്, ഗുരുതി എന്നിവയാണ് ഈ ദിവസങ്ങളിൽ നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകൾ. മകരസംക്രമ ദിവസം മുതൽ അഞ്ച് ദിവസം മാളികപ്പുറത്തെ മണിമണ്ഡപത്തിൽ കളമെഴുതും. ഓരോ ദിവസവും ഓരോ ഭാവത്തിലാണ് കളമെഴുത്ത്. ആദ്യ ദിവസം ബാലക ബ്രഹ്മചാരി എന്ന ഭാവം, രണ്ടാം ദിവസം വില്ലാളി വീരൻ, മൂന്നാം ദിവസം രാജകുമാരൻ, നാലാം ദിവസം പുലിവാഹനൻ, അഞ്ചാം ദിവസം തിരുവാഭരണ വിഭൂഷിതനായ ശാസ്താവ് എന്നിങ്ങനെയാണിവ. ഓരോ ദിവസവും കളമെഴുതിക്കഴിഞ്ഞാൽ സന്നിധാനത്തെ അത്താഴ പൂജക്ക് ശേഷം മണിമണ്ഡപത്തിൽ നിന്നും പതിനെട്ടാം പടിയിലേക്ക് എഴുന്നള്ളിക്കും. തിരുവാഭരണപ്പെട്ടിയോടൊപ്പം കൊണ്ടുവന്ന കൊടിപ്പെട്ടിയിലെ കൊടി, തിടമ്പ്, കുട എന്നിവയാണ് വാദ്യഘോഷങ്ങളോടെ വർണ്ണശബളമായി നടക്കുന്ന എഴുന്നള്ളത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. യോദ്ധാവിന്റെ വേഷത്തിലുള്ള അയ്യപ്പനെയാണ് തിടമ്പിൽ ആലേഖനം ചെയ്തിരിക്കുന്നത്. മാളികപ്പുറം മേൽശാന്തി രജിൽ നീലകണ്ഠൻ നമ്പൂതിരിയാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന തിടമ്പ് പൂജിച്ച് കൈമാറുന്നത്. ഒന്നാം ദിവസം മുതൽ നാലാം ദിവസം വരെ പതിനെട്ടാം പടിക്കൽ വരെയെത്തി നായാട്ട് വിളിച്ച ശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിലേക്ക് തിരികെയെത്തും.
അഞ്ചാം ദിവസം തിരുവാഭരണ വിഭൂഷിതനായ ശാസ്താവിന്റെ സങ്കൽപ്പത്തിലുള്ള തിടമ്പുമായി ഇതേ എഴുന്നള്ളത്ത് ശരംകുത്തിയിലേക്കാണ് പുറപ്പെടുക. വാദ്യഘോഷങ്ങളോടെ തീവെട്ടിയുൾപ്പെടെ വർണ്ണ ശബളമായാണ് എഴുന്നള്ളത്ത് ശരംകുത്തിയിലെത്തുന്നത്. എഴുന്നള്ളത്ത് സമാപിച്ച ശേഷം വാദ്യമേളങ്ങളും തീവെട്ടികളും കെടുത്തിയാണ് മാളികപ്പുറത്തേക്ക് തിരിച്ചെത്തുക. ആറാം ദിവസം മാളികപ്പുറത്ത് മണിമണ്ഡപത്തിനു മുൻപിൽ പരിഹാരക്രിയയുടെ ഭാഗമായി ചൈതന്യ ശുദ്ധിക്ക് വേണ്ടി മലദൈവങ്ങൾക്കായി ഗുരുതി പൂജ നടത്തും. ഗുരുതി പൂജക്ക് ശേഷം അന്ന് രാത്രി മാളികപ്പുറത്തേക്ക് ആർക്കും പ്രവേശനമില്ല.