'ഒരു കാര്യം കേട്ടാൽ പെട്ടെന്നു മനസിലാകും. പിന്നീട് ചോദിച്ചാൽ പറയുകയും ചെയ്യും. എന്നാൽ നന്നായി എഴുതാൻ അവനെക്കൊണ്ടാവുന്നില്ല. അതുകൊണ്ടാണ് പരീക്ഷയ്ക്ക് എപ്പോഴും വളരെ കുറഞ്ഞ ഗ്രേഡ്.' മകന്റെ പഠനകാര്യം അന്വേഷിക്കാൻ വന്ന രക്ഷിതാവിനോട് അവന്റെ അദ്ധ്യാപിക പറയുന്നതാണ് ഇത്. കുട്ടിയുടെ മലയാള ഭാഷയിലുള്ള കഴിവും പരിമിതിയും വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. കേട്ടും വായിച്ചും ആശയം മനസിലാക്കുന്നതിനും പറഞ്ഞും എഴുതിയും ആശയം പ്രകടിപ്പിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവുകളാണ് അവന്റെ ഭാഷാപരമായ അടിസ്ഥാന കഴിവുകൾ.എഴുത്തും വായനയും. സ്വാഭാവികമായ ഒരനുഭവമാക്കി മാറ്റാൻ നാം ബോധപൂർവം ശ്രമിക്കണം. തനിക്ക് എഴുതണമെന്നും വായിക്കണമെന്നും താത്പര്യം ഉണ്ടെങ്കിൽ മാത്രമേ കുട്ടി അതു ചെയ്യൂ. അവനിഷ്ടപ്പെട്ട ആളുകൾ, വസ്തുക്കൾ, ജീവികൾ എന്നിവയെ പറ്റി സംസാരിക്കാം. അതുമല്ലെങ്കിൽ ഒരു കുഞ്ഞിപ്പാട്ടോ കഥയോ ഹൃദ്യമായി അവതരിപ്പിക്കാം. അവന് പ്രിയപ്പെട്ടതായി മാറി കഴിഞ്ഞാൽ അവ എഴുതി പലതവണ വായിച്ചു കേൾപ്പിക്കാം. അവയിൽ ആവർത്തിച്ചു വരുന്ന ചില പദങ്ങളും അക്ഷരങ്ങളും അവന്റെ ശ്രദ്ധയിൽപ്പെടുന്നു. ഒരേ അക്ഷരങ്ങൾ ഉൾപ്പെടുന്ന പദങ്ങൾ, ചെറുവാക്യങ്ങൾ എന്നിവ കുട്ടി ക്രമേണ എഴുതി തുടങ്ങുന്നു. (ഉദാ: അമ്മ,ഉമ്മ, വന്നു,തന്നു,അമ്മ വന്നു.ഉമ്മ തന്നു.കാക്ക,കൂട്,കാക്ക കൂടുകൂട്ടി എന്നിങ്ങനെ.)

രക്ഷിതാക്കൾക്ക് ചെയ്യാവുന്നവ

കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വളർത്താൻ രക്ഷിതാക്കൾക്കും ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. ചെറുപ്രായം മുതലേ കുട്ടികളോടു നന്നായി സംസാരിക്കുകയും അവരുടെ അഭിപ്രയങ്ങളും ആശയങ്ങളും കേൾക്കുകയും വേണം. യാത്രകൾ, ഉത്സവങ്ങൾ, സിനിമകൾ, മറ്റ് ആഘോഷ പരിപാടികൾ തുടങ്ങിയവയിൽ നിങ്ങളോടൊപ്പം അവരെയും കൂട്ടണം. അവയെപ്പറ്റി പരസ്പരം സംസാരിക്കുകയും ഇഷ്ടമുള്ളവയെപ്പറ്റി എഴുതാൻ പ്രേരിപ്പിക്കുകയും ചെയ്യണം.അവരുടെ പ്രായത്തിനു യോജിച്ച കഥകൾ, സംഭവങ്ങൾ, കവിതകൾ തുടങ്ങിയവ എന്നിവ വായിച്ചും ചൊല്ലിയും പറഞ്ഞും കേൾപ്പിക്കാം. പത്രവായനയെ പ്രോത്സാഹിപ്പിക്കണം. കുട്ടികളെഴുതുന്ന കഥ, കവിത, പാട്ടുകൾ,നാടകങ്ങൾ തുടങ്ങിയ സർഗാത്മക രചനകൾ അവതരിപ്പിച്ചു കേൾക്കാൻ മനസു കാണിക്കണം. പിറന്നാളിനും മറ്റ് ആഘോഷ ദിവസങ്ങളിലും പുസ്തകങ്ങൾ കൂടി കുട്ടികൾക്ക് സമ്മാനമായി കൊടുക്കുന്നത് നല്ലതായിരിക്കും.