vaccine

പത്തനംതിട്ട : ജില്ലയിൽ ആദ്യ ദിവസം കൊവിഡ് വാക്സിൻ എടുത്തവർക്ക് ഗുരുതരമായ പാർശ്വഫലങ്ങളില്ലെന്ന് ആരോഗ്യവകുപ്പ്. ചെറിയ തോതിൽ പനിയും ശരീരം കിടുങ്ങലും അനുഭവപ്പെട്ടേക്കാം. അത് വാക്സിൻ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയതിന്റെ ലക്ഷണമാണ്. ശനിയാഴ്ച ആദ്യഘട്ടം കൊവിഡ് വാക്സിൻ എടുത്തത് 560 ആരോഗ്യ പ്രവർത്തകർക്കാണ്. ഇവർ 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. 900 പേരെയാണ് ആദ്യ ദിവസം വാക്സിനെടുക്കാൻ വിളിച്ചിരുന്നത്. സ്ഥലം മാറിപ്പോയവർ, ഗർഭിണികൾ എന്നിവരാണ് വാക്സിൻ എടുക്കാതിരുന്നത്. ഇവർക്ക് പിന്നീട് അവസരം നൽകും. ഇന്ന് രണ്ടാം ദിവസം കൊവിഡ് വാക്സിൻ എടുക്കാൻ 900 ആരോഗ്യ പ്രവർത്തകരെ വിളിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് ഉടനെ തീരുമാനമുണ്ടാകും.