പന്തളം : അഞ്ച് ദിവസമായി പൈപ്പ്ലൈനിൽ വെള്ളമെത്താതെ ജനങ്ങൾ ദുരിതത്തിൽ. തട്ട തെക്കേക്കര പഞ്ചായത്തിൽ ഒരുപ്പുറം ഇടമാലി വാർഡിലെ ജനങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. സാധാരണക്കാരായ നിരവധിയാളുകൾ താമസിക്കുന്ന സ്ഥലമാണിത്. വാട്ടർ അതോറിട്ടിയിൽ അറിയിച്ചെങ്കിലും പണി നടക്കുന്നതിനാൽ വെള്ളം അടിയ്ക്കാൻ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളും പ്രായമായവരുമടക്കം നിരവധിപേർ തിങ്ങി പാർക്കുന്ന സ്ഥലമാണിത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണിത്. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. ആഴ്ചയിൽ ഒരിക്കൽ എങ്കിലും പൈപ്പ് ലൈനിൽ വെള്ളമെത്തിച്ചില്ലെങ്കിൽ പണം നൽകി വെള്ളം ഇറക്കേണ്ടി വരും. സ്വന്തമായി കണക്ഷൻ എടുത്തവർ വരെ പണം നൽകി വെള്ളം പുറത്ത് നിന്ന് ഇറക്കേണ്ട സ്ഥിതിയാണിപ്പോൾ. കിണറിലെ വെള്ളംകൊണ്ട് മാത്രം ഇവിടെ ജീവിക്കാൻ കഴിയില്ല.