പത്തനംതിട്ട : ഓപ്പറേഷൻ സ്ക്രീനിൽ ആദ്യ ദിനം 77 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന വ്യാപകമായി മോട്ടോർ വാഹനവകുപ്പ് നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ സ്ക്രീൻ. കൂളിംഗ് പേപ്പർ, കർട്ടൻ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയാണ് ലക്ഷ്യം.
ഈ വാഹനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തുകയാണ് ചെയ്യുക. ഗ്ലാസിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതും കർട്ടനിട്ടതുമായ കാറുകൾ ഒരു പോലെ ജില്ലയിൽ സജീവമായി നിരത്തിലുണ്ട്. നിയമം ലംഘിച്ച വാഹനങ്ങൾക്ക് ഇ - ചെല്ലാൻ വഴിയാണ് പെറ്റി അടയ്ക്കേണ്ടത്.സെക്ഷൻ 177,179 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഗ്ലാസിൽ കൂളിംഗ് ഒട്ടിയ്ക്കാൻ പാടില്ലെന്ന കുറ്റവും നിയമ ലംഘനത്തിനുള്ള വകുപ്പും ചുമത്തിയാണ് കേസ് എടുക്കുന്നത്. നിയമലംഘനത്തിന് 1000 രൂപയും മറ്റുള്ളവയ്ക്ക് 250 രൂപയുമാണ് പിഴ ഈടാക്കുന്നത്. നിയമലംഘനം തുടർന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. എല്ലാവർക്കും നിയമം ബാധകമായതിനാൽ ഇന്നലെ നിയമസഭയിൽ എത്തിയ മന്ത്രിമാർ നിയമം ലംഘിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിയ്ക്കും ഗവർണർക്കും മാത്രമാണ് കർട്ടൻ ഇട്ട വാഹനത്തിൽ സഞ്ചരിക്കാൻ കഴിയുക. ഇവിടെ എം.എൽ.എയും എം.പിമാരും പൊലീസ് ഉന്നത ഉദ്യോഗസ്ഥരും കർട്ടനിട്ട വാഹനത്തിലാണ് യാത്ര ചെയ്യുന്നത്.
"കൂളിംഗ് ഫിലിമുകളോ വൈറ്റ് ഫിലിമോ വാഹനങ്ങളിൽ അനുവദിക്കില്ല. കർശന നടപടിയെടുക്കും. പരിശോധന രണ്ടാഴ്ച തുടരാനാണ് നിർദേശം. "
പി.ആർ സജീവ്
(എൻഫോഴ്സ്മെന്റ് ആർ.ടി.ഒ)
- 6 സ്ക്വാഡുകൾ പരിശോധന നടത്തും