പത്തനംതിട്ട: ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽചെയർ പ്രവേശിക്കാനാകും വിധം പത്തനംതിട്ട നഗരസഭാ ഓഫീസിലും ടൗൺ ഹാളിലും റാമ്പ് നിർമ്മിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയെ എതിർകക്ഷിയാക്കി നൽകിയ പരാതിയിന്മേലാണ് കമ്മീഷന്റെ ഈ നടപടി. നാളിതുവരെ അനേകം ഫണ്ടുകൾ വന്നിട്ടും പത്തനംതിട്ട നഗരസഭാ ഓഫീസിലും പത്തനംതിട്ട ടൗൺ ഹാളിലും റാമ്പ് നിർമ്മിച്ചിട്ടില്ല. ഇത് ഖേദകരവും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെയും ഉത്തരവിനോടുള്ള അനാദരവുമാണ്. അതു കൂടാതെ മുനിസിപ്പൽ ആക്ട്, 2016 ലെ ഭിന്നശേഷി നിയമം എന്നിവയോടുളള ലംഘനവുമാണെന്നും റഷീദ് മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിലൂടെ ചൂണ്ടി കാട്ടിയിരുന്നു.