ശബരിമല : സ്വാമി പ്രസാദം തപാൽ മുഖേന ഭക്തർക്ക് വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതി മണ്ഡല മകരവിളക്ക് കാലത്തിന് ശേഷവും തുടരും. ഈ വർഷം തുടങ്ങിയ പദ്ധതി വൻ വിജയത്തിലെത്തിയതോടെയാണ് മാസപൂജാ സമയത്തും തപാൽ വിതരണം തുടരാൻ തീരുമാനിച്ചത്. ഇതിനായി തീർത്ഥാടന കാലം കഴിഞ്ഞും പോസ്റ്റ് ഓഫീസ് വഴി പ്രസാദത്തിനുള്ള ഓർഡറുകൾ സ്വീകരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന ഓർഡർ പ്രകാരമുള്ള പ്രസാദത്തിന്റെ വിതരണം മാസപൂജാ സമയത്ത് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.
ഈ മണ്ഡലകാലത്ത് തപാൽ വഴിയുള്ള പ്രസാദ
വിതരണത്തിലൂടെ ലഭിച്ചത് : 1,97,55,900 രൂ
[ 1,09,75,500 രൂപാ ദേവസ്വം ബോർഡിനും 87,80,400 രൂപാ തപാൽ വകുപ്പിനും ലഭിച്ചു ]
വിതരണം ചെയ്ത പ്രസാദ കിറ്റുകൾ : 43,902
കൊവിഡിന്റെ സാഹചര്യത്തിൽ ഭാരതീയ തപാൽ വകുപ്പുമായി ചേർന്നാണ് ദേവസ്വം ബോർഡ് തപാൽ വഴി പ്രസാദ വിതരണം ആരംഭിച്ചത്.
അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റിലുള്ളത്. കേട് വരാൻ സാദ്ധ്യതയുള്ളതിനാൽ കിറ്റിൽ നിന്ന് അപ്പം ഒഴിവാക്കി. പ്രസാദത്തിന്റെ തപാൽ വിതരണം മാസപൂജാ വേളയിലും തുടരും.
പ്രസാദം വീടുകളിലെത്തും
പോസ്റ്റ് ഓഫീസ് മുഖേന ബുക്ക് ചെയ്യുന്നവർക്ക് അരവണ പ്രസാദം സ്പീഡ് പോസ്റ്റിലൂടെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പോസ്റ്റ്മാൻ വീടുകളിലെത്തിച്ച് നൽകും. പോസ്റ്റ് ഓഫീസുകളിൽ പണമടച്ചാണ് അരവണ പ്രസാദം ബുക്ക് ചെയ്യേണ്ടത്. ഇതിനായി പ്രത്യേക അപേക്ഷാ ഫോം രാജ്യമെമ്പാടുമുള്ള പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. 450 രൂപായാണ് ബുക്കിംഗ് ചാർജ്. ഇതിൽ 250 രൂപായാണ് അരവണ നിർമിച്ച് കൈമാറുന്ന ദേവസ്വം ബോർഡിന് ലഭിക്കുക. പാഴ്സൽ, ട്രാൻസ്‌പോർട്ടേഷൻ ഇനങ്ങളിൽ 200 രൂപ തപാൽ വകുപ്പിനാണ്.
കൗണ്ടർ വഴി വിതരണം ചെയ്തത്
5.37 കോടിയുടെ അരവണ
ഈ മണ്ഡലകാലത്ത് ഇതുവരെ ശബരിമല സന്നിധാനത്തെ അരവണ കൗണ്ടറുകൾ വഴി വിതരണം ചെയ്തത് 5,37,801,70 രൂപായുടെ അരവണ. ഒരു ടിൻ അരവണക്ക് 80 രൂപായാണ് ഈടാക്കുന്നത്. ഇത്തരത്തിൽ 226175 ടിൻ അരവണയാണ് വിറ്റത്.