dgp
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ശബരി​മലയി​ൽ ദർശനം നടത്തുന്നു

പത്തനംതിട്ട : ശബരിമലയിൽ വരും വർഷങ്ങളിലും വെർച്ച്വൽ ക്യൂ സംവിധാനം തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ശബരിമലയിൽ ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തിനായി പൊലീസ് പ്രത്യേക സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ശബരിമലയുടെ ചരിത്രത്തിൽ ഇത്തരമൊരു മുന്നൊരുക്കം ആദ്യമായാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ശബരിമലയിലെത്തുന്ന ഭക്തരെ ദർശനത്തിന് ശേഷം സുരക്ഷിതരായി മടക്കി അയക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തി വെർച്ച്വൽ ക്യൂ വഴി ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമാണ് ഈ വർഷം ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചത്. ഈ സമ്പ്രദായം ഏറെ ഗുണം ചെയ്തു.
പൊലീസുകാർ സ്വയം സുരക്ഷയും ഭക്തരുടെയും ജീവനക്കാരുടേയും സുരക്ഷയും നോക്കേണ്ട സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. എങ്കിലും ഈ സാഹചര്യം പൊലീസ് ഉദ്യോഗസ്ഥർ വളരെ മികച്ച രീതിയിൽ പരാതിക്കിടയില്ലാത്തവിധം കൈകാര്യം ചെയ്തു. ഇതര വകുപ്പുകളുമായി ചേർന്ന് നടത്തിയ വിവിധ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും.
രോഗപ്രതിരോധത്തിന് മുൻഗണന നൽകിയുള്ള സുരക്ഷാക്രമീകരണങ്ങളാണ് നടപ്പാക്കിയതെന്നും ഡി.ജി.പി പറഞ്ഞു.