ele

പന്തളം: പന്തളം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മൂന്നാം വട്ടവും മാറ്റി. ഇനി 25 ന് രാവിലെ 11ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിട്ടേണിംഗ് ആഫീസർ എസ്.എസ്. ബീന അറിയിച്ചു. കഴിഞ്ഞ രണ്ട് തവണ വനിതാ സംവരണ പ്രശ്നം ഉന്നയിച്ച് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് റദ്ദ് ചെയ്തത്. ഇന്നലെ രാവിലെ 11ന് നഗരസഭാ ഹാളിൽ വരണാധികാരിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ എൽ.ഡി.എഫ് വിയോജിച്ച് തിരഞ്ഞെടുപ്പ് നടത്താൻ പാടില്ലന്ന് വരണാധികാരിയെ അറിയിച്ചു. വരണാധികാരി നൽകിയ നോട്ടീസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം, തീയതി, സമയം എന്നിവ രേഖപ്പെടുത്താത്തതും, അഞ്ചു ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടം ലംഘിച്ചതും ആരോപണമായി ഉന്നയിച്ച് എൽ.ഡി.എഫ്.പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ ഉൾ പ്പെടെ എട്ട് അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു. എൽ.ഡി.എഫിലെ ഒരു അംഗം എത്തിയിരുന്നില്ല. തുടർന്ന് വരണാധികാരി തിരഞ്ഞെടുപ്പ് മാറ്റി വച്ചതായി അറിയിക്കുകയായിരുന്നു.

ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നില്ല

സാങ്കേതികത്വത്തിന്റെ പേരിലും ന്യൂനതകളുടെ പേരിലും സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോയി നഗരസഭയിൽ ഭരണ പ്രതിസന്ധിയുണ്ടാക്കുന്നത് ബി.ജെ.പിയുടേയും ഇടതുമുന്നണിയുടേയും ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഭരണ പ്രതിസന്ധി ഒഴിവാക്കാൻ നിയമപരമായ നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പു നടത്താൻ വരണാധികാരിയും ഭരണ സമിതിയും മുൻകൈയെടുക്കണമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി അംഗങ്ങളായ കെ.ആർ.വിജയകുമാർ, കെ.ആർ രവി,പന്തളം മഹേഷ്, സുനിതാ വേണു ,രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും ഭരണം നടത്താനാകുന്നില്ല. ജനങ്ങൾ കടുത്ത നിരാശയിലാണ്. ഒരു ഭരണനിർവഹണ നടപടിയ്ക്ക് പോലും കഴിയുന്നില്ല. ശബരിമല സീസണിൽ അനുവദിച്ച അയ്യപ്പക്ഷേത്ര ഫണ്ട് വിനിയോഗിക്കുന്നതിൽ ആശയ കുഴപ്പമായിരുന്നു. ഇടത്പക്ഷത്തിന്റെ അടക്കമുള്ള ഇടപെടൽ കൊണ്ടാണ് ബി.ജെ.പിയുടെ പുത്തരിയിലെ കല്ലുകടി തിരുത്തിയത്. ബി.ജെ.പി ഭരണം തുടക്കത്തിലെ പാളി.

പി.ബി.ഹർഷകുമാർ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം

ധനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം നൽകാതെ മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റികൾ പിടിക്കുവാൻ ബി.ജെ.പി, വരണാധികാരിയുമായി ചേർന്ന് നടത്തിയ ഒത്തുകളിയാണ് തിരഞ്ഞെടുപ്പ് നടക്കാതിരിയ്ക്കുന്നതിനും ഭരണ പ്രതിസന്ധിയുണ്ടായതിനും കാരണം.

ലസിതാ നായർ,

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ്