മല്ലപ്പള്ളി : എഴുമറ്റൂർ ഇരുമ്പുകുഴിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇരവിപേരൂർ കോഴിമല പ്ലാവിലപൊയ്കയിൽ അജിത് പിന്റോ (22), വെണ്ണിക്കുളം ചുഴുകുന്നപടി പഴൂർ മലയിൽ ജോബിൻ പി. തോമസ് (24), ഇലന്തൂർ ചായപ്പുന്നക്കൽ വീട്ടിൽ രാഹുൽ (23) എന്നിവരെയാണ് പെരുമ്പെട്ടി പൊലീസ് പിടികൂടിയത്. പെരുമ്പെട്ടി സി.ഐ. വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ എസ്.ഐ ജെ. ശ്രീജിത്ത്, സി.പി.ഒ മാരായ ജോൺസൻ, അൻസിം പി.എച്ച്, ജോൺസി ശാമുവേൽ, ബിനു, ഒലിവർ വറുഗീസ്, ജെയ്‌സൺ സാമുവേൽ, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ സാഹസികമായി പിടികൂടിയത്. എഴുമറ്റൂർ വെള്ളയിൽ പുത്തൻപറമ്പിൽ ബിനു തോമസിന്റെ ബജാജ് പൾസർ ബൈക്ക് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇരുമ്പുകുഴി ജംഗ്ഷനിൽ നിന്നാണ് മോഷ്ടിച്ചത്. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികൾ. ജില്ലയ്ക്കുള്ളിലും സമീപ ജില്ലകളിലും നടന്ന സമാനമായ കേസുകളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കുന്നന്താനം പാമലയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിലെ പ്രതികളും ഇവർതന്നെയാണ് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് ബൈക്കും മൊബൈൽ ഫോണുകളും കണ്ടെടുത്തു. കോടതി റിമാൻഡ് ചെയ്തു.