road
തകർന്ന് തരിപ്പണമായ കൊടുമൺ - പറക്കോട് റോഡ്

അടൂർ: മൂന്ന് വർഷത്തിലേറെയായി യാത്രക്കാരുടെ നടുവൊടിക്കുന്ന ദുരിതയാത്രയ്ക്ക് എന്ന് അറുതിയാകുമെന്നാണ് പറക്കോട് വടക്ക്, ചിരണിക്കൽ നിവാസികളുടെ ചോദ്യം. കൊടുമൺ പറക്കോട് റോഡ് തകർന്നിട്ട് നാളുകളായി. അടിക്കടിയുള്ള പൈപ്പ് പൊട്ടലാണ് തകർച്ചയ്ക്ക് കാരണം. അടൂർ - പത്തനാപുരം കെ.പി റോഡിനേയും ഏഴംകുളം - കൈപ്പട്ടൂർ റോഡിനേയും ബന്ധിപ്പിക്കുന്ന 3.600 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന പാതയാണിത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വാട്ടർ അതോറിറ്റിയുടെ ചിരണിക്കൽ ട്രീറ്റ്മെന്റ് പ്ലാന്റ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഇൗ ഭാഗത്താണ്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നു. ചിരണിക്കലെ ജല ശുദ്ധീകരണ പ്ലാന്റിൽനിന്ന് അടൂർ നഗരസഭയിലേക്കും അഞ്ച് പഞ്ചായത്തുകളിലേക്കും വെള്ളം എത്തിക്കുന്നത് ഈ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുവഴിയാണ്. നിലവാരം കുറഞ്ഞ പഴയ എ.സി പൈപ്പാണ് സ്ഥാപിച്ചിരിക്കുന്നത്.ഇത് അടിക്കടി പൊട്ടിയാണ് റോഡ് പൂർണമായും തകർന്നത്.റോഡ് നിറയെ കണ്ടും കുഴിയും മാത്രമാണ്. ഇതിന് പരിഹാരമായി ഉന്നത നിലവാരത്തിലുള്ള ഡി.ഐ പൈപ്പ് സ്ഥാപിക്കാൻ ഒരു ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ ശ്രമം നടക്കുന്നെങ്കിലും ഫലമില്ല.റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യാൻ മൂന്നു കോടി രൂപയുടെ കരാർ എഗ്രിമെന്റ് ചെയ്തിട്ട് ഒന്നര വർഷം കഴിഞ്ഞു.ഡി.ഐ പൈപ്പ് സ്ഥാപിക്കുന്നതിന് 390.11 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തെ വാട്ടർ അതോറിറ്റിക്ക് ലഭിച്ചിരുന്നു. ജി.എസ്.ടി ഉൾപ്പെടെ നിർമ്മാണ ചെലവ് കൂടിയതോടെ 467ലക്ഷത്തിന്റെ പുതിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിയുടെ അനുതി തേടി കാത്തിരിക്കുകയാണ് വാട്ടർ അതോറിറ്റി.

പൈപ്പ് സ്ഥാപിച്ചാലേ പണിയുള്ളു

റോഡിന്റെ ഇരുവശങ്ങളിലും കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ച ശേഷം കുഴിച്ച ഭാഗം ടാർ ചെയ്ത് നൽകേണ്ട ബാദ്ധ്യതയാണ് വാട്ടർ അതോറിറ്റിക്കുള്ളത്. ഈ പണി പൂർത്തിയാക്കി മാത്രമേ പൊതുമരാമത്ത് വകുപ്പിന് റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യാനാകൂ. അല്ലെങ്കിൽ പൈപ്പ് പൊട്ടി റോഡ് പൂർവസ്ഥിതി പ്രാപിക്കുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്.

----------------

മൂന്ന് വർഷത്തോളമായി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് ഇരു വകുപ്പുകളും അടൂർ എം.എൽ.എ യും. അനാസ്ഥ തുടരാൻ ഇനി അനുവദിക്കില്ല. ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം തുടങ്ങും.

ചിരണിക്കൽ ശ്രീകുമാർ

(സേവാദൾജില്ലാ

കമ്മിറ്റിചെയർമാൻ )​

----------------

വിനയായത് പൈപ്പുപൊട്ടൽ

-3.600 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന പാത

5 പഞ്ചായത്തുകളിൽ വൈള്ളത്തിക്കുന്ന കുടിവെള്ള പൈപ്പ്