കോഴഞ്ചേരി : വണ്ടിപേട്ടയ്ക്ക് പുതിയ മുഖമേകി ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്‌സും നിർമ്മിക്കുന്നു. 10 കോടി രൂപയാണ് ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്.
പമ്പാനദിക്കു കുറുകെ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ഉദ്ഘാടനത്തോടുകൂടി സ്റ്റാൻഡിന്റെ നിർമ്മാണവും ആരംഭിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വീണാ ജോർജ് എം.എൽ.എയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ബഡ്ജറ്റിൽ 10 കോടി രൂപ ടോക്കൺ തുകയായി വകകൊള്ളിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യ ബസുകൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് നിർമ്മാണം. കോഴഞ്ചേരിയിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് പ്രശ്നവും ആധുനിക ബസ് സ്റ്റാൻഡിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും നിർമ്മാണത്തോടുകൂടി പരിഹരിക്കപ്പെടും. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ഉള്ളതുപോലെ വാഹനങ്ങൾക്ക് കെട്ടിടങ്ങളിൽ പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലുളള വൻകിട കെട്ടിട സമുച്ചയമാണ് നിർമ്മിക്കുന്നത്.
പുതിയ പാലവും ആധുനിക ബസ് സ്റ്റാൻഡും യാഥാർത്ഥ്യമാകുന്നതോടുകൂടി മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പട്ടണത്തോട് സാദൃശ്യമുള്ള ഗ്രാമപ്രദേശമായി കോഴഞ്ചേരി മാറും. പാലത്തിന്റെ നിർമ്മാണം 60 ശതമാനം പൂർത്തീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ഇലക്ഷൻ പ്രഖ്യാപിക്കുന്നതിനു മുമ്പ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
ചെലവ് : 10 കോടി
ട്രാൻ.ബസുകൾക്കും സ്വകാര്യ ബസുകൾക്കും
ഒരു പോലെ ഉപയോഗപ്പെടുത്താനാകും
ആധുനിക രീതിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുമ്പോൾ നിലവിലെ സ്റ്റാൻഡും സമീപത്തുള്ള ഭൂമികളുടെ സാദ്ധ്യതകളും വിനിയോഗിക്കും.
വീണാ ജോർജ്ജ് എം.എൽ.എ .