പത്തനംതിട്ട : വീടിന്റെ ടെറസാണ് കൃഷിയിടം, കൃഷി ചെയ്യുന്നത് ചോളവും, കർഷകൻ നാലാം ക്ലാസുകാരൻ തുമ്പമൺ സ്വദേശി അഭിമന്യു. ചെടിയോ,വിത്തോ എന്ത് കിട്ടിയാലും നട്ടുവയ്ക്കാറുള്ള അഭിമന്യുവിന്, നാഗപ്പൂരിൽ നിന്നെത്തിയ ബന്ധുക്കൾ അയൽവീട്ടിലെ ചേച്ചിക്ക് നൽകിയ ചോളവിത്തുകൾ കൈമാറുകയായിരുന്നു.
അദ്ധ്യാപക സംഘടനാ ജില്ലാ സെക്രട്ടറിയായിരുന്ന അപ്പൂപ്പൻ കെ.ആർ സുകുമാരൻ നായരോടൊപ്പം കൃഷിയിടത്തിൽ ഇറങ്ങിയ കരുത്താണ് അഭിമന്യുവിനെ കുട്ടിക്കർഷകൻ ആക്കിയത്.
വിത്തിട്ട് ഒന്നരമാസത്തിനുള്ളിൽ ചോളം കായ്ച്ചു തുടങ്ങി. കൃഷി തുടരാനാണ് അഭിമന്യുവിന്റെ തീരുമാനം. തുമ്പമൺ തൃക്കാർത്തികയിൽ അർജുൻദാസിന്റെയും അഡ്വ.എസ്. കാർത്തികയുടേയും മകനാണ്.
ചീരയും പച്ചക്കറികളും വാഴയും കപ്പയുമൊക്കെ വീട്ടിൽ കൃഷി ചെയ്യുന്നുണ്ട്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അമ്മ കാർത്തികയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നടത്തുന്ന കൃഷിയിലും അഭിമന്യു ഒപ്പമുണ്ട്. തട്ട എസ്.കെ.വി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. നാല് വയസുകാരൻ അനിയൻ പാർത്ഥിപനും ചേട്ടനോടൊപ്പമുണ്ട്.