തിരുവല്ല: പുല്ലംപ്ലാവിൽ കടവിൽ പുതിയ പാലം നിർമ്മിക്കാൻ 10 കോടി രൂപ അനുവദിച്ചതോടെ പ്രതീക്ഷയിലാണ് നാട്ടുകാർ. തിരുവല്ല നഗരസഭയേയും നെടുമ്പ്രം പഞ്ചായത്തിലെ കല്ലുങ്കൽ, വെൺപാല, കാരാത്ര തുടങ്ങിയ പ്രദേശങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. മുൻവർഷത്തെ ബഡ്‌ജറ്റിൽ നാമമാത്രമായ തുക അനുവദിച്ചതിനാലാണ് നിർമ്മാണം നടത്താൻ കഴിയാതിരുന്നത്. കഴിഞ്ഞ ബഡ്‌ജറ്റിൽ അനുവദിച്ച 10 കോടികൊണ്ട് പാലം നിർമ്മിക്കാൻ കഴിയും. മണിമലയാറിന്റെ കൈവഴിക്ക് കുറുകെ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഇടുങ്ങിയ പാലത്തിലൂടെയാണ് ഇപ്പോഴും യാത്ര. വലിയ വാഹനങ്ങൾക്ക് പാലത്തിലൂടെ പോകാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റുവഴികൾ തേടേണ്ട ഗതികേടിലായിരുന്നു.. ഇതിന് പകരമാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇവിടെ വീതികൂട്ടി നിർമ്മാണം പുരോഗമിക്കുന്ന ചക്രക്ഷാളനക്കടവ് -ഇരമല്ലിക്കര റോഡിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പം ഓട്ടാഫീസ് കടവ് പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കിയതും പ്രദേശത്തിന്റെ വികസനത്തിന് സഹായകമാകും.

പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശം

2018 ലെ പ്രളയത്തിൽ മണിമലയാറ് കരകവിഞ്ഞതോടെ കല്ലുങ്കൽ, വെൺപാല പ്രദേശങ്ങൾ ഒറ്റപ്പെട്ടിരുന്നു ഇടുങ്ങിയ പാലവും മുങ്ങിയതോടെ പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളിലെ ആളുകൾക്ക് അക്കരെ കടക്കാൻ സാധിച്ചില്ല. ഇവിടെ കുടുങ്ങിപ്പോയവർ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മുകൾനിലയിലാണ് ഒരാഴ്ചയിലേറെ കഴിഞ്ഞുകൂടിയത്.