തണ്ണിത്തോട്: പ്രദേശത്ത് ഇടയ്ക്കിടെയുണ്ടാവുന്ന വൈദ്യുതി മുടക്കം മലയോര നിവാസികളെ വലയ്ക്കുന്നു. രാത്രിയിലും, പകലും ഇവിടെ വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്. സബ് എൻജിനിയർ ഓഫീസിൽ രാത്രിയിൽ ജീവനക്കാരില്ലാത്തതിനാൽ രാത്രിയിൽ ലൈനുകളിൽ തകരാറുണ്ടായാൽ പറ്റേദിവസമെ അറ്റകുറ്റപണികൾ നടത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കഴിയു. ഇതു മൂലം രാത്രികാലങ്ങളിൽ തകരാറുണ്ടായാൽ വൈദ്യുതിയില്ലാതെ പ്രദേശവാസികൾ ബുദ്ധിമുട്ടിലാകും. കോന്നിയിൽ നിന്ന് തണ്ണിത്തോട്ടിലേക്കുള്ള 11കെ.വി.ലൈനിൽ തകരാറുണ്ടായാൽ ബദൽ സംവിധാനമെന്ന നിലയിൽ നടപ്പാക്കിയ ഭൂഗർഭ വൈദ്യുത പദ്ധതിയും വേണ്ടത്ര പ്രയോജനപ്പെടുന്നില്ല. കക്കാട് സബ് സ്റ്റേഷനിൽ നിന്ന് ചിറ്റാർ, നീലിപിലാവ് വഴി തണ്ണിത്തോട്ടിലേക്ക് ഭൂഗർഭ കേബിളിലൂടെ വൈദ്യുതിയെത്തിക്കുന്ന പദ്ധതി രണ്ട് വർഷങ്ങൾക്ക് മുൻപാണ് നടപ്പാക്കിയത്. നീലിപിലാവ് മുതൽ കൂത്താടിമൺ വരെയുള്ള ഭാഗങ്ങളിലെ വനഭാഗത്തെ 1.6 കലോമീറ്ററിലാണ് ഭൂഗർഭ കേബിൾ സ്ഥാപിച്ചത്. കോന്നിയിൽ നിന്നുള്ള വൈദ്യുതിക്ക് തടസമുണ്ടാവുമ്പോൾ ഇവിടെ നിന്നുള്ള വൈദ്യുതി കടത്തിവിടാൻ സജ്ജമാണെങ്കിലും രാത്രികാലങ്ങളിൽ തണ്ണിത്തോട് സബ് എജിനീയർ ഓഫീസിൽ ജീവനക്കാരില്ലാത്തതുമൂലം ഇത് പ്രയോജനപ്പെടുന്നില്ല. രാത്രികാലങ്ങളിൽ വൈദ്യുതി ലൈനുകളിൽ തകരാറുണ്ടായാലും പരിഹരിക്കാനാകുന്നില്ല.