പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന്റെ വിനോദകേന്ദ്രമാകാൻ സുബല പാർക്ക് ഒരുങ്ങുന്നു. ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ഉദ്ഘാടനം നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ആദ്യഘട്ടത്തിലെ അടുക്കളയും ടോയ്ലറ്റ് കോംപ്ളക്സുമാണ് പൂർത്തിയായത്. ഒാഡിറ്റോറിയത്തിന്റെ ഫാബ്രിക്കേഷൻ ജോലികളാണ് ഇനി തീരാനുള്ളത്. കല്യാണങ്ങൾക്കും മറ്റ് പൊതുപരിപാടികൾക്കുമായി ഒാഡിറ്റോറിയം വാടകയ്ക്ക് നൽകും. പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് നിർമാണം നടക്കുന്നത്.
ഒാഡിറ്റോറിയത്തിന് സമീപത്തായി കുളത്തിന്റെയും കനാലിന്റെയും മതിലുകളുടെയും നിർമ്മാണം രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും കുളത്തിൽ ബോട്ട് സർവീസും ആരംഭിക്കും. പ്രവേശന കവാടത്തിന് സമീപത്തെ കെട്ടിടത്തിൽ ലഘുഭക്ഷണ ശാലയും ഒരുക്കും.
കനാലിന്റെ കരയിലൂടെ പ്രഭാത, സായാഹ്ന സവാരിക്കുള്ള നടപ്പാതയാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഘട്ടവും പൂർത്തിയായാൽ മാത്രമേ പാർക്കായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ.നിർമാണം പൂർത്തിയാകുന്ന മുറയ്ക്കാണ് നിർമിതി കേന്ദ്രത്തിന് പണം അനുവദിക്കുന്നത്.
സുബലയ്ക്ക് 20 വയസ്
20 വർഷം മുൻപാണ് സുബല പാർക്ക് പദ്ധതി ആവിഷ്കരിച്ചത്. പട്ടികജാതി വികസന വകുപ്പ് മുഖേന അന്ന് 4.5 കോടി അനുവദിച്ചിരുന്നു. പദ്ധതി തുടങ്ങാതിരുന്നതിനാൽ അനുവദിച്ച പണം തിരിച്ചെടുത്തു. വീണാജോർജ് എം.എൽ.എയുടെ ശ്രമഫലമായി പദ്ധതി തുടങ്ങാൻ അനുമതി ലഭിച്ചെങ്കിലും പണി തീർന്ന ശേഷം തുക അനുവദിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. ആദ്യഘട്ടം പൂർത്തിയായപ്പോൾ ഒന്നരക്കോടി നൽകി.
'' ഒരു മാസത്തിനുള്ളിൽ ഒാഡിറ്റോറിയം പൊതുആവശ്യങ്ങൾക്ക് വിട്ടു കൊടുക്കാൻ കഴിയും. മറ്റ് പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ ആയിട്ടുണ്ട്.
ബീന, ജില്ലാ പട്ടികജാതി വികസന വകുപ്പ് ഒാഫീസർ.