പത്തനംതിട്ട : കൊവിഡാനന്തര കേരളത്തിനായുളള പദ്ധതികൾ ഉൾപ്പെടുത്തി ഗുണകരമായി വിഭാവനം ചെയ്തതാണ് സംസ്ഥാന ബഡ്ജറ്റെന്ന് മുൻ ആസൂത്രണബോർഡംഗവും കെ.എസ്.എഫ്.ഇ. ചെയർമാനുമായ പീലിപ്പോസ് തോമസും ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ പ്രഖ്യാപനങ്ങൾ മാത്രമുളള തട്ടിപ്പാണ് ബഡ്ജറ്റിലെന്ന് കെ.പി.സി.സി. അംഗം പി.മോഹൻരാജും പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന ബഡ്ജറ്റ് അവലോകനത്തിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ സംസാരിച്ചു.
കോന്നി മെഡിക്കൽ കോളേജിനുൾപ്പെടെ ജില്ലയിലെ പല പദ്ധതികൾക്കും കാര്യമായ തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ലെന്ന് മോഹൻരാജ് പറഞ്ഞു. എന്നാൽ, കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തിചികിത്സയുൾപ്പെടെ ഉടൻ സാധ്യമാകുന്ന സ്ഥിതിയാണുളളതെന്ന് പീലിപ്പോസ് തോമസ് മറുപടി നൽകി. കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികൾക്കായി ബഡ്ജറ്റിൽ തുക വകകൊളളിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഭവശേഷി ശോഷിച്ചതോടെ സംസ്ഥാന ബഡ്ജറ്റുകൾക്ക് പ്രസക്തിയില്ലാത്ത കാലമാണ് സംജാതമാകുന്നതെന്ന് പീലിപ്പോസ് തോമസ് പറഞ്ഞു.ഈ പരിമിതികൾക്കിടയിലും പുത്തൻ കാഴ്ചപ്പാടുകൾ ബഡ്ജറ്റിലുണ്ട്. പരമ്പരാഗത തൊഴിൽസങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്താണ് നിലവിൽ അരങ്ങേറുന്നത്. വീട്ടിലിരുന്ന് ജോലിയും വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനവുമുൾപ്പെടെ അപ്രതീക്ഷിതമായിരുന്നു. ഈ സാഹചര്യങ്ങളുടെ പിന്തുടർച്ച പ്രതീക്ഷിക്കുന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബഡ്ജറ്റിൽ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.
സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത് മുൻനിറുത്തി ഒട്ടേറെ പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റിലുളളതെന്ന് പി. മോഹൻരാജ് പറഞ്ഞു. അടുത്ത സർക്കാരിന്റെ കാലത്ത് പുതിയ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന ധനമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇപ്പോഴത്തെ പ്രഖ്യാപനങ്ങൾക്ക് പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുളള തന്ത്രമാണ് സർക്കാരിന്റേത്. പദ്ധതി പ്രഖ്യാപനങ്ങളും വരുമാനവും തമ്മിൽ താരതമ്യം ചെയ്യുേമ്പാൾ തട്ടിപ്പ് ബോധ്യമാകും. കടബാധ്യത ഇരട്ടിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം പൊളളയാണെന്നും മോഹൻരാജ് പറഞ്ഞു.
റബറിന് കിലോഗ്രാമിന് 170 രൂപ തറവില പ്രഖ്യാപിച്ചത് നേട്ടമാണെന്ന് പീലിപ്പോസ് തോമസ് ചൂണ്ടിക്കാട്ടി. എന്നാൽ റബർ ബോർഡ് ആറുവർഷം മുമ്പ് പുറത്തിറക്കിയ റിപ്പോർട്ടു പ്രകാരം ഉൽപാദനചെലവ് ഒരു കിലോഗ്രാമിന് 175 രൂപയാണെന്നിരിക്കേ 170 രൂപ തറവില പ്രഖ്യാപിച്ചത് അപര്യാപ്തമാണെന്ന് മോഹൻരാജ് പറഞ്ഞു. യു.ഡി.എഫ് ഭരിക്കുമ്പോഴും ഈ റിപ്പോർട്ട് നിലവിലുണ്ടായിരുന്നില്ലേയെന്നായി പീലിപ്പോസ് തോമസ്. അന്ന് കിലോഗ്രാമിന് 150 രൂപയാണ് യു.ഡി.എഫ് നിശ്ചയിച്ചത്. യുഡിഎഫ് അധികാരം വിട്ടൊഴിഞ്ഞതോടെ കർഷകർക്ക് സബ്‌സിഡി കിട്ടുന്നില്ലെന്നും അഞ്ചുവർഷത്തിനിടെ ഇപ്പോഴാണ് തറവില പുതുക്കിയതെന്നും മോഹൻരാജ് കുറ്റപ്പെടുത്തി. ജില്ലയ്ക്കു പ്രഖ്യാപിച്ച റബർപാർക്ക് വർഷങ്ങൾക്കുശേഷം വീണ്ടും ബഡ്ജറ്റിൽ കടന്നുവന്നിട്ടുണ്ട്. ഏറ്റെടുക്കുന്ന പദ്ധതികൾ നിശ്ചയദാർഢ്യത്തോടെ എൽ.ഡി.എഫ് സർക്കാർ പൂർത്തീകരിക്കുമെന്ന് പീലിപ്പോസ് തോമസ് പറഞ്ഞു.