ചിറ്റാർ: ജനിച്ചു വളർന്ന നാട്ടിലെ പുരാതന കാനന ക്ഷേത്രമായ മൺപിലാവ് ശിവ-ഭദ്രാ ക്ഷേത്രത്തിൽ ആദ്യമായി കൊടിമരം ഉയർന്നപ്പോൾ ജയൻ പുത്തൻപുരയിലിനും കുടുംബത്തിനും സുകൃത നിമിഷങ്ങൾ. ജയൻ പുത്തൻപുരയിൽ വഴിപാടായി സമർപ്പിച്ച പിത്തള കൊടിമരത്തിലാണ് ഇൗ വർഷം മുതൽ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുന്നത്. ധ്വജ പ്രതിഷ്ഠാ പൂജകൾ ഇന്ന് സമാപിക്കും. നാളെ ഉത്സവത്തിന് കൊടിയേറും.

പരുമലയിൽ നിർമ്മിച്ച കൊടിമരം ഘോഷയാത്രയായാണ് നീലിപിലാവ് ക്ഷേത്രത്തിൽ കൊണ്ടുവന്നത്. പ്രദേശത്തെ ആയിരക്കണക്കിന് ഭക്തർ തങ്ങളുടെ ക്ഷേത്രത്തിൽ കൊടിമരം സ്ഥാപിക്കപ്പെട്ടതിൽ ആഹ്ളാദത്തിലാണ്. നാളെ രാവിലെ 8.26ന് കൊടിയേറ്റ് ചടങ്ങുകൾ ആരംഭിക്കും. തന്ത്രി ശ്രീദത്ത് ഭട്ടതിരിപ്പാടാണ് കൊടിയേറ്റുന്നത്. ജയൻ പുത്തൻപുരയിലും കുടുംബവും ചടങ്ങിൽ പങ്കെടുക്കും. അജിതയാണ് ജയന്റെ ഭാര്യ. മകൻ അജയ്.