പത്തനംതിട്ട : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്പെഷ്യൽ പോളിംഗ് ജോലിക്കെത്തിയ ഇലക്ഷൻ റൂട്ട് ഓഫീസർമാർക്ക് പ്രതിഫലം നൽകിയില്ല. കൊവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരും താമസിക്കുന്നയിടത്ത് വോട്ട് ചെയ്യിക്കാൻ പോയ സംഘത്തിനൊപ്പമുണ്ടായിരുന്ന റൂട്ട് ഓഫീസർമാർക്കാണ് പ്രതിഫലം നൽകാത്തത്. എന്നാൽ സംഘത്തിലുള്ള മറ്റുള്ളവർക്ക് പ്രതിഫലം ലഭിച്ചിട്ടുമുണ്ട്.
മൂന്ന് പേർ അടങ്ങിയ ഗ്രൂപ്പിനായിരുന്നു കൊവിഡിന്റെ സാഹചര്യത്തിൽ പ്രത്യേക ചുമതല നൽകിയിരുന്നത്. ആദ്യ പോളിംഗ് ഓഫീസർ, രണ്ടാം പോളീംഗ് ഓഫീസർ, റൂട്ട് ഓഫീസർ എന്നിവരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. വോട്ട് ചെയ്യാനുള്ളവരുടെ വീടും സ്ഥലവും കാണിച്ചു കൊടുക്കുക എന്ന ഉത്തരവാദിത്വമായിരുന്നു റൂട്ട് ഓഫീസർമാർക്ക് ഉണ്ടായിരുന്നത്. പി.പി.ഇ കിറ്റോ, ഗ്ലൗസോ ഒന്നും ഇവർക്ക് നൽകിയിരുന്നുമില്ല. മറ്റ് ഓഫീസർമാർക്ക് പി.പി.ഇ കിറ്റും ഗ്ലൗസും നൽകിയിരുന്നു.
എല്ലാ പഞ്ചായത്തിലും റൂട്ട് ഓഫീസർമാർ ഉണ്ടായിരുന്നു. പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്റ് (ഒ.എ) ആയിരുന്നു ഈ ജോലി ചെയ്തിരുന്നത്. മുനിസിപ്പാലിറ്റികളിൽ ഒന്നിൽ കൂടുതൽ സംഘങ്ങൾ ഉണ്ടായിരുന്നു.
ഓരോ സംഘത്തിലും ഓരോറൂട്ട് ഓഫീസർമാരായിരുന്നു ഉണ്ടായിരുന്നത്.
വീടുകളിൽ കഴിഞ്ഞവർക്ക് ഡിസംബർ ഒന്ന് മുതൽ ഏഴ് വരെയായിരുന്നു വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നത്. പരിശീലന സമയത്ത് റൂട്ട് ഓഫീസർമാർക്ക് കൊവിഡ് ആയതിനാൽ ഭക്ഷണം നൽകില്ലെന്നും അതും പ്രതിഫലത്തിൽ ഉൾക്കൊള്ളിക്കുമെന്നും അന്ന് നിർദേശിച്ചതായാണ് വിവരം.
"കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ വിളിച്ച് ചോദിച്ചപ്പോൾ പ്രതിഫലത്തെ പറ്റി നിർദേശം ഒന്നും ഇല്ല എന്നാണ് വിവരം. ഇലക്ഷൻ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. ഇതുവരെ റൂട്ട് ഓഫീസർമാർക്ക് മാത്രമാണ് പ്രതിഫലം ലഭിക്കാതിരുന്നത്. "
റൂട്ട് ഓഫീസർ ആയിരുന്ന
ജീവനക്കാരൻ
"സ്പെഷ്യൽ പോളിംഗ് നടത്തിയതിന് അസി. ഓഫീസർമാർക്ക് പ്രതിഫലം നൽകാൻ നിർദേശം ലഭിച്ചിരുന്നു. എന്നാൽ റൂട്ട് ഓഫീസർമാരുടെ കാര്യത്തിൽ നിർദേശം ഒന്നും ലഭിച്ചില്ല. നൽകണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. "
കളക്ടറേറ്റിലെ ഇലക്ഷൻ അധികൃതർ