ll

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ ഭരണത്തിൽ എസ്.ഡി.പി.ഐ ബന്ധം ആരോപിച്ച സി.പി.ഐയ്ക്കെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി.എഫ് നേതാക്കളുടെ വാർത്താസമ്മേളനം. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സി.പി.ഐ പത്തനംതിട്ട മണ്ഡലം കമ്മറ്റി കൈക്കൊണ്ട നിലപാട് തിരുത്തണമെന്നും അല്ലെങ്കിൽ മേൽഘടകം ഇടപെട്ട് തിരുത്തിക്കണമെന്നും സി.പി.എം ഏരിയ സെക്രട്ടറി എൻ.സജികുമാർ, നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ എന്നിവർ ആവശ്യപ്പെട്ടു.

നഗരസഭാ ഭരണത്തിൽ എൽ.ഡി.എഫിനോ സി.പി.എമ്മിനോ എസ്.ഡി.പി.ഐയുമായി ഒരു ധാരണയുമില്ല. സ്റ്റാൻഡിംഗ് കമ്മറ്റി തിരഞ്ഞെടുപ്പ് സംബന്ധിച്ച ധാരണപ്പിശകാണ് വിവാദത്തിന് പിന്നിൽ. എസ്.ഡി.പി.ഐ നേടിയ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി മത്സരിച്ചിരുന്നു.

എല്ലാ സ്റ്റാൻഡിംഗ് കമ്മറ്റിയിലും ഭൂരിപക്ഷം നേടാനുള്ള അംഗബലം എൽ.ഡി.എഫിനില്ല. നാല് സ്റ്റാൻഡിംഗ് കമ്മറ്റിയിൽ മേൽക്കൈ നേടാനുള്ള അംഗബലമാണുള്ളത്. അത് നേടിയിട്ടുണ്ട്. അവസാന ഘട്ടത്തിൽ ഒഴിവുണ്ടായിരുന്ന വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിയിലേക്കാണ് എസ്.ഡി.പി.ഐയുടെ മൂന്ന് അംഗങ്ങൾ നാമനിർദേശ പത്രിക നൽകിയത്. അതിൽ ഒരംഗം മാത്രമുണ്ടായിരുന്ന എൽ.ഡി.എഫ് അംഗം ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു.എസ്.ഡി.പി.ഐയ്ക്ക് സ്റ്റാന്റിംഗ് കമ്മറ്റി ലഭിക്കാൻ കാരണക്കാർ യു.ഡി.എഫാണ്. 13 അംഗങ്ങളുള്ള യു.ഡി.എഫ് എന്തുകൊണ്ട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് ഒരാളെ മാത്രം മത്സരിപ്പിച്ചുവെന്ന് വ്യക്തമാക്കണം. വേണമെങ്കിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി യു.ഡി.എഫിന് നേടാമായിരുന്നു.

സി.പി.ഐ ഇടഞ്ഞതിന് പിന്നിൽ

നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിൽ എസ്.ഡി.പി.ഐ ബന്ധം ആരോപിക്കാതിരുന്ന സി.പി.ഐ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനത്തേക്ക് അനാവശ്യ അവകാശവാദം ഉന്നയിക്കുകയായിരുന്നു. എൽ.ഡി.എഫിൽ രണ്ട് അംഗങ്ങളുള്ള കേരളകോൺഗ്രസ് ജോസ് വിഭാഗം ആദ്യ രണ്ടര വർഷവും പിന്നീടുള്ള രണ്ടര വർഷം ഒരംഗമുള്ള സി.പി.ഐയും ചെയർമാൻ സ്ഥാനം പങ്കിടണമെന്നായിരുന്നു ധാരണ. എന്നാൽ, ആദ്യ ടേം തങ്ങൾക്കു വേണമെന്ന സി.പി.ഐ നിലപാട് എൽ.ഡി.എഫിൽ അംഗീകരിക്കപ്പെട്ടില്ള. ഇതിനു പിന്നാലെയാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐ ബന്ധം എന്ന ആരോപണവുമായി സി.പി.ഐ രംഗത്തു വന്നതെന്ന് ഇടത് നേതാക്കൾ പറഞ്ഞു.

മുൻ വർഷങ്ങളിൽ എൽ.ഡി.എഫ് ജയിച്ച വാർഡുകളിൽ ഇത്തവണ മൂന്നാം സ്ഥാനത്താവുകയും എസ്.ഡി.പി.ഐ ജയിക്കുകയും ചെയ്ത സാഹചര്യം പരിശോധിക്കും.

വാർത്താസമ്മേളനത്തിൽ സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.അനിൽകുമാർ, കേരളകോൺഗ്രസ് ജോസ് വിഭാഗം നേതാവ് പി.കെ.ജേക്കബ്, എൽ.ഡി.എഫ് കൺവനീർ എസ്.മീരാസഹിബ്, ഷാഹുൽ ഹമീദ് (കോൺഗ്രസ് എസ്), നൗഷാദ് കണ്ണങ്കര (ജനതാദൾ), സത്യൻ കണ്ണങ്കര (കേരളകോൺഗ്രസ് ബി), ബിജു മുസ്തഫ(ഐ.എൻ. എൽ), കെ.സി. സ്കറിയ, ബിജി ജോസഫ് എന്നിവരും പങ്കെടുത്തു.