കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസിനെതിരെയുള്ള തിരഞ്ഞെടുപ്പ് പരാതി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ തെള്ളിയൂർ ബ്ലോക്ക് ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലാലു തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി കേരള കോൺഗ്രസ് എം.ജോസ് കെ മാണിവിഭാഗത്തിലെ ഷെറിൻ തോമസാണ് പരാതി നൽകിയിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റ് പേപ്പറിൽ തന്റെ പേര് ഷെറിൻ എന്നാണ് രേഖപ്പെടുത്തിയത്. ആധാർ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിലെല്ലാം ഷെറിൻ തോമസ് എന്നാണ്. നാമനിർദ്ദേശ പത്രികയിലും ഷെറിൻ തോമസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വോട്ടർ പട്ടികയിൽ ഷെറിൻ എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാരണം പറഞ്ഞാണ് റിട്ടേണിംഗ് ഓഫീസർ ഇലക്ട്രോണിക് ബാലറ്റ് പേപ്പറിൽ ഷെറിൻ എന്ന് രേഖപ്പെടുത്തിയത്. രണ്ടില ചിഹ്നത്തോടൊപ്പം തന്റെ പേര് ഔദ്യോഗിക സ്ഥാനാർത്ഥികളുടെ പട്ടികയിൽ പ്രസിദ്ധീകരിച്ചപ്പോൾതന്നെ തെറ്റ് ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസർക്ക് രേഖാ മൂലം പരാതി നൽകിയിരുന്നു. കൂടാതെ ജില്ലാ വരണാധികാരിയായ കളക്ടർക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ഫാക്‌സ് മുഖേന പരാതി നൽകിയിരുന്നു. എന്നാൽ പരാതിയൊന്നും മുഖവിലക്കെടുക്കാതെ ഷെറിൻ എന്നുമാത്രമാണ് വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് പഞ്ചായത്ത് രാജ് ആക്ടിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ കടുത്ത ലംഘനമാണെന്നും നാമനിർദ്ദേശ പത്രികയിൽ എങ്ങനെയാണോ പേര് നൽകിയിരിക്കുന്നത് ആ പേര്് തന്നെയാണ് ബാലറ്റ് പേപ്പറിൽ ഉണ്ടാവേണ്ടതും എന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. അജിത് പ്രഭാവ് മുഖാന്തിരം കേസ് നൽകിയിരിക്കുന്നത്.