തിരുവല്ല: ഗ്രാമീണ മേഖലകളുടെ വികസനത്തിന് വഴിയൊരുക്കുന്ന ചക്രക്ഷാളന കടവ് - കല്ലുങ്കൽ - ഇരമല്ലിക്കര റോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിലായി. തിരുവല്ല നഗരസഭയിലെ മതിൽഭാഗം പള്ളിവേട്ട ആലിന്റെ സമീപത്ത് നിന്നും തുടങ്ങി ചക്രക്ഷാളന കടവ് -കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിന് മുന്നിലൂടെ ഇരമല്ലിക്കര വരെ എത്തിച്ചേരുന്ന 3.1 കിലോമീറ്റർ നീളമുള്ള റോഡിന്റെ പുനരുദ്ധാരണമാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയാണ് റോഡിനായി ചെലവിടുന്നത്.റോഡ് വികസിപ്പിക്കാൻ 90 ശതമാനം ഭൂഉടമകളും സൗജന്യമായി സ്ഥലം വിട്ടുനൽകിയതോടെ എട്ടുമീറ്റർ വീതിയിലാണ് പുനരുദ്ധാരണം. ഇരുവശങ്ങളിലുമായി ആറായിരത്തോളം മീറ്റർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ബി.എം.ആൻഡ് ബി.സി നിലവാരത്തിലാണ് ടാറിംഗ്.പാലാത്ര കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. ലോക്ക്ഡൗൺ കാരണം മൂന്നുമാസം വൈകിയാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മാണ ജോലികൾ ആരംഭിച്ചത്.‌ തിരുവല്ല മുതൽ ഇരമല്ലിക്കര പാലം വരെയാണ് നിർമ്മാണം നടത്തേണ്ടത്.

കലുങ്കുകളുടെ നിർമ്മാണം പൂർത്തിയായി


മണിമലയാറിന്റെയും പമ്പയുടെ കൈവഴികളുടെയും സമീപത്തുകൂടി നിർമ്മിക്കുന്ന റോഡായതിനാൽ ചെറുതും വലുതുമായ നാല് കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കി.കല്ലുങ്കലിലെ വലിയ കലുങ്കിന്റെ കോൺക്രീറ്റിംഗ് ഇന്നലെ പൂർത്തിയായി. 8.7 മീറ്റർ വീതിയിലും മൂന്ന് മീറ്റർ നീളത്തിലുമുള്ള കലുങ്കാണിത്. കലുങ്ക് നിർമ്മാണം കാരണം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

-3.1 കിലോമീറ്റർ നീളമുള്ള റോഡിന്റെ പുനരുദ്ധാരണം

- ചെലവ് 3.5 കോടി രൂപ

റോഡ് മണ്ണിട്ടുയർത്തി നിരപ്പാക്കി ഒന്നാംഘട്ട ടാറിംഗ് പൂർത്തിയാക്കി. രണ്ടാംഘട്ട ടാറിംഗും സൂചക ബോർഡുകളും മാർക്കിംഗുകളും മറ്റും പൂർത്തിയാക്കി മാർച്ച് അവസാനത്തോടെ റോഡ് തുറന്നുകൊടുക്കാനാകും.

(പൊതുമരാമത്ത് അധികൃതർ)