പള്ളിക്കൽ : കൊയ്ത്തുകാരെ കിട്ടാനില്ലാത്തത് മൂലം ചെറു കുന്നം ഏലായിലെ 25 ഏക്കറിൽ നെൽകൃഷി നശിക്കുന്നു. പള്ളിക്കൽ പഞ്ചായത്തിലെ 23-ാം വാർഡിലാണ് ചെറുകുന്നം ഏല .അപ്രതീക്ഷിതമായി ചെയ്ത മഴ കാരണം വെള്ളം കിട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം പാടത്ത് ഇറക്കാൻ കഴിയുന്നില്ല.. തൊഴിലുറപ്പ് പദ്ധതിയുടെ സഹായവുമില്ല.. 25-ൽ അധികം കർഷകർ വർഷങ്ങളായി ഇവിടെ കൃഷി ചെയ്തു വരുന്നുണ്ട്. നഷ്ടം മൂലം പലയിടത്തും നെൽകൃഷി നിലച്ചപ്പോഴും ഇവർ പിടിച്ചുനിൽക്കുകയാണ്. വർഷത്തിൽ രണ്ട് തവണ കൃഷി ചെയ്യും.
.കൊയ്ത്തിനുള്ള ബുദ്ധിമുട്ട് 23-ാം വാർഡിലെ തൊഴിലുറപ്പ് ഗ്രാമസഭയിൽ കർഷകർ അറിയിച്ചിരുന്നു. കൊയ്ത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായമഭ്യർത്ഥിച്ചെങ്കിലും തൊഴിലുറപ്പ് പദ്ധതിയിൽ കൊയ്ത്തും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുത്താൽ കഴിയില്ലെന്നാണ് അധികൃതർ പറഞ്ഞത്. സാമ്പത്തിക ബാദ്ധ്യത മൂലം ഇത്രയും സ്ഥലത്തെ നെല്ല് കൂലി കൊടുത്ത് കൊയ്യിക്കാനും കഴിയില്ല. പഞ്ചായത്ത് അധികൃതർ ഇടപെട്ട് സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പലിശയ്ക്ക് പണം കടം വാങ്ങിയാണ് പലരും കൃഷിയിറക്കിയത്.
കൈതക്കൽ ഓലിക്കൽ പാടശേഖരത്തും സമാനമായ സ്ഥിതിയാണ്.
തൊഴിലുറപ്പിൽ മാറ്റം വേണം
തൊഴിലുറപ്പ് പദ്ധതിയിൽ നെൽകൃഷി ജോലികളും കൂടി ഉൾപ്പെടുത്തിയാൽ കർഷകർക്ക് പ്രയോജനമാകും. മൂന്ന് വർഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിൽ നെൽകൃഷി ഉൾപ്പെടുത്തിയപ്പോൾ പഞ്ചായത്തിന്റെ 30 ഹെക്ടറിൽ നിന്ന് 60 ഹെക്ടറായി കൃഷി ഉയർന്നു. പിന്നീട് ആവർത്തനസ്വഭാവമുള്ള പദ്ധതികൾ ഏറ്റെടുക്കരുതെന്ന സർക്കാർ നിർദ്ദേശം മൂലം നിലച്ചു. ഇതോടെ കൃഷി വീണ്ടും 30 ഹെക്ടറിലേക്ക് കുറഞ്ഞു.