നാരങ്ങാനം: പാതിവഴിയിൽ പണി മുടങ്ങിയ നെല്ലിക്കാലാ ആലുങ്കൽ റോഡിലെ യാത്ര ദുരിതമാകുന്നു. പത്തരകോടി രൂപ വകകൊള്ളിച്ച് നവീകരണം ആരംഭിച്ച റോഡിന്റെ നിർമ്മാണമാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. റോഡിൽ തുടർപ്പണിക്കായി ഇറക്കിയിട്ട മെറ്റൽക്കൂനകൾ പലയിടത്തും റോഡിൽ നിരന്നിട്ടുണ്ട്. ഇവിടെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്. നെല്ലിക്കാല ആലുങ്കൽ ,മഹാണിമല വെട്ടിപ്പുറം റോഡുകൾ ബി.എം.ആൻഡ് ബി.സി ടാറിംഗ് നടത്തുന്നതിനായി പത്തരക്കോടിയാണ് വീണാ ജോർജ് എം.എൽ.എയുടെ ഗ്രാമവികസന ഫണ്ടിൽ നിന്നും അനുവദിച്ചത്.അഞ്ചര മീറ്റർ വീതിയിലുള്ള ടാറിംഗാണ് പ്ലാനിൽ ഉള്ളതെങ്കിലും നെല്ലിക്കാലാ ആലുങ്കൽ റോഡിൽ പല ഭാഗത്തും ആവിശ്യത്തിന് വീതിയില്ല. സംരക്ഷണഭിത്തി ആവശ്യമായ നിരവധി ഭാഗങ്ങൾ ഈ റോഡിൽ ഉണ്ടെങ്കിലും അടങ്കൽ തുകയിൽ ഇതിനു് തുക വകയിരുത്താതെയിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റോഡിനിരുവശവും മെറ്റലിംഗ് നടത്തി വീതി കൂട്ടിയത് മിക്കതും ഇളകി യാത്ര ദുരിതമായിരിക്കുകയാണ്. വീതി കുറഞ്ഞ ഭാഗം സംരക്ഷണഭിത്തി കെട്ടി വീതി കൂട്ടി ടാറിംഗ് പൂർത്തിയാകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.