കോട്ടാങ്ങൽ: കോട്ടാങ്ങൽ മഹാ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കോട്ടാങ്ങൽ-കുളത്തൂർ കരയുടെ വലിയ പടേനി ഇന്ന് സമാപിക്കും. ഇന്ന് വൈകിട്ട് മഠത്തിൽ വേല, കിഴക്കേ നടയിൽ തിരുമുമ്പിൽ വേല, പറ എന്നിവ നടക്കും. രാത്രി 12ന് വലിയ പടേനി ചടങ്ങുകൾക്ക് തുടക്കംകുറിക്കും. പ്രകൃതി ദത്തമായ വർണങ്ങൾ ഉപയോഗിച്ച് 101 പച്ചപ്പാളകളിൽ ദേവീ രൂപം എഴുതിത്തുള്ളുന്ന 101 പാള ഭൈരവി കോലം വലിയ പടയണി നാളിൽ എത്തും. ഭൈരവികൾ , യക്ഷി, അരക്കി യക്ഷി,മറുത, കൂട്ട മറുത, പക്ഷി, കാലൻ എന്നീ കോലങ്ങളും വിനോദങ്ങളും കളത്തിൽ എത്തും. പുലയൻ പുറപ്പാട്, അന്തോണി, പരദേശി തുടങ്ങിയ വിനോദങ്ങളും അരങ്ങേറും. തുടർന്ന് മംഗള ഭൈരവി കളത്തിൽ എത്തും. സകല തെറ്റുകളും പൊറുത്തു അനുഗ്രഹമേകണം എന്ന പ്രാർത്ഥനയോടെ വലിയ പടേനി സമാപിക്കും. നാളെ ഭരണി നാളിൽ ഇരുകരക്കാരുടെയും തുല്യ പങ്കാളിത്തതോടെ പുലവൃത്തം തുള്ളി മത്സരപടേനിക്ക് സമാപനമാകും.