പത്തനംതിട്ട : പൊതുവിപണിയിൽ പഴവർഗങ്ങൾക്ക് വിലകൂടി. മുമ്പ് നൂറ് രൂപ ആയിരുന്ന പഴവർഗങ്ങളിൽ പലതിനും വില ഇരട്ടിയിലധികം വർദ്ധിച്ചു. മാതളത്തിന് 100 മുതൽ 120 രൂപ വരെ ആയിരുന്നു വില. ഇപ്പോൾ 180 , 200 രൂപയായി ഉയർന്നു.
ആപ്പിളിനും മുന്തിരിയ്ക്കും വില ഇരട്ടിയിലധികം വർദ്ധിച്ചു. കടകളിൽ എത്തക്കയ്ക്ക് വരെ 5 രൂപ കൂട്ടിയാണ് ഇപ്പോൾ വിൽക്കുന്നത്. പഴ വർഗങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്നാട്, ഊട്ടി, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പഴങ്ങൾ എത്തുന്നത്. വഴിയോരങ്ങളിൽ രണ്ട് കിലോ ഓറഞ്ച് 100 രൂപയ്ക്കാണ് വിറ്റിരുന്നത്. എന്നാൽ കടയിൽ ഇപ്പോൾ ഒരു കിലോ ഓറഞ്ചിന് 90 മുതൽ 110 രൂപ വരെയാണ് വില. വരണ്ട കാലാവസ്ഥ ആയതിനാൽ പഴവർഗങ്ങൾക്ക് വലിയ സ്വീകാര്യത ഉള്ള സമയമാണിപ്പോൾ. ഇരുപത്തഞ്ച് രൂപ ആയിരുന്ന ഏത്തയ്ക്ക ഇപ്പോൾ 30 രൂപയ്ക്കാണ് കടകളിൽ വിൽക്കുന്നത്. പലകടകളിലെയും വില വ്യത്യസ്തമാണ്. അതേസമയം അഞ്ച് കിലോ എത്തപ്പഴം 100 രൂപയ്ക്ക് വഴിയോരങ്ങളിൽ ലഭിക്കും. പൈനാപ്പിളിനും ഇതേവിലയാണ്.
ആപ്പിൾ : 180 ₹ - 200 ₹
മുന്തിരി : 140 ₹ - 160 ₹
പേരയ്ക്ക : 200 ₹ - 300 ₹