ചെന്നീർക്കര: നല്ലാനിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കൊവിഡ് പരിശോധന മുടങ്ങിയെന്ന് പരാതി. പരിശോധനയ്ക്കായി ആളുകളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുന്ന ഒാട്ടോറിക്ഷക്കാർ പണിമുടക്കിയതിനെ തുടർന്നാണ് പരിശോധന താളം തെറ്റിയത്. പത്തനംതിട്ട നഗരത്തിലെ മൂന്ന് ഒാട്ടോറിക്ഷക്കാരാണ് കൊവിഡ് ഒാട്ടം പോകുന്നത്. അതിന്റെ ബില്ല് പാസാക്കി നഗരസഭയിലേക്ക് അയക്കേണ്ടത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നാണ്. മൂന്നാഴ്ചയിലെ ബില്ലുകൾ കുടിശിക വരുമ്പോൾ ഒരാഴ്ചയിലെ പാസാക്കി വിടുകയായിരുന്നു പതിവ്. ഇപ്പോൾ അതും മുടങ്ങിയതിനാൽ ഒാട്ടം പോകുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. ജനറൽ ആശുപത്രിയിൽ നിന്ന് ബില്ല് പാസായി കിട്ടിയാൽ പണം തരാമെന്ന് നഗരസഭയിൽ നിന്ന് അറിയിച്ചിട്ടുണ്ട്.

കൊവിഡ് പരിശോധനയ്ക്ക് ആളുകളെ കൊണ്ടുപോകാൻ ചെന്നീർക്കര പഞ്ചായത്തിൽ ആംബുലൻസ് ലഭ്യമല്ലാത്തതുകൊണ്ടാണ് ഒാട്ടോറിക്ഷക്കാർ ആ ജോലി ഏറ്റെടുത്തത്. യാത്രക്കാരുടെയും ഡ്രൈവറുടെയും സീറ്റുകൾക്കിടയിൽ മറയുള്ള ഒാട്ടോറിക്ഷകളിലാണ് നിരീക്ഷണത്തിലുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് കൊണ്ടുപോകുന്നത്. പണം ലഭിക്കാത്തതിനാൽ ആരോഗ്യ കേന്ദ്രത്തിന് അടിയന്തര ആവശ്യത്തിന് ഒാട്ടം വിളിച്ചാലും ആരും പോകാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ ആളിന്റെ ബന്ധുക്കൾക്ക് പരിശോധന നടത്താൻ തയ്യാറായി ഇരിക്കണമെന്നും വാഹനം വരുമെന്നും കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനം വരാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് ഒാട്ടോറിക്ഷക്കാർ തയ്യാറുവുന്നില്ല എന്നറിയിച്ചത്. രജിസ്റ്റർ ചെയ്ത എട്ടു പേരെ അന്ന് പരിശോധനയ്ക്ക് കൊണ്ടുപോയില്ല.

-------------------------

''

ബില്ല് കൊടുത്ത് മൂന്ന് ആഴ്ച കഴിഞ്ഞാലും ഒാട്ടം പോകുന്നതിന്റെ പണം കിട്ടാത്ത സ്ഥിതിയാണ്. കൊവിഡ് ഒാട്ടം പോകുന്ന ആംബുലൻസുകൾക്ക് അഡ്വാൻസായി ഡീസൽ അടിക്കാൻ പണം അനുവദിക്കുന്നുണ്ട്. ഞങ്ങൾക്ക് അതില്ല. കൊടുക്കുന്ന ബില്ലിന്റെ തുക മൂന്ന് ദിവസത്തിനുള്ളിലെങ്കിലും കിട്ടണം.

അജിത്കുമാർ, ഒട്ടോറിക്ഷ ഡ്രൈവർ.