കോന്നി : കിഴക്കൻ മലയോര മേഖലയുടെ ആസ്ഥാനമായ കോന്നിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപ്പാസും ഫ്ളൈ ഓവറും വരുന്നു. കോന്നി നേരിടുന്ന പ്രധാന പ്രശ്നം ഗതാഗതക്കുരുക്കാണ്. ഗവ. മെഡിക്കൽ കോളേജുകൂടി പൂർണ സജ്ജമാകുന്നതോടെ തിരക്ക് വർദ്ധിക്കും.
പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ബൈപ്പാസ്
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കോന്നി ടൗൺ ഒഴിവാക്കി യാത്ര തുടരാൻ
ബൈപ്പാസ് ഉപകരിക്കും. തമിഴ്നാട്, അച്ചൻകോവിൽ, ചെങ്കോട്ട, ആര്യങ്കാവ് മേഖലകളിൽ നിന്ന് വരുന്ന ശബരിമല തീർത്ഥാടകർ ഉൾപ്പടെ കോന്നി ടൗണിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്.
സംസ്ഥാന പാതയിലെ കുളത്തുങ്കൽ ഭാഗത്ത് നിന്ന് തുടങ്ങി ചൈനാമുക്ക് - ളാക്കൂർ - പൂങ്കാവ് റോഡിനെയും ആനക്കൂട് - പൂങ്കാവ് റോഡിനെയും മുറിച്ചു കടന്ന് സംസ്ഥാന പാതയിലെ തന്നെ ളാക്കൂർ ഭാഗത്ത് എത്തുന്ന വിധത്തിലാണ് ബൈപ്പാസിന്റെ രൂപരേഖ. ഇതേ റൂട്ടിലൂടെ പത്തനംതിട്ടയിൽ എത്താനും എളുപ്പമാണ്.
ദൂരം : 4.5 കിലോമീറ്റർ,
പദ്ധതി ചെലവ് : 40 കോടി
ഫ്ളൈ ഓവർ
ഉന്നത നിലവാരത്തിൽ സംസ്ഥാന പാതയുടെ പണികൾ പൂർത്തീകരിച്ചതിന് ശേഷം ടൗൺ ഭാഗത്ത് റോഡിന് കുറുകയാണ് മേൽപ്പാലം വരുന്നത്. കോന്നി - ചന്ദനപ്പള്ളി റോഡിലെ ആനക്കൂടിനും സെൻട്രൽ ജംഗ്ഷനും മദ്ധ്യേയുള്ള ഭാഗമായും മെഡിക്കൽ കോളേജ് റോഡിലെ മരാമത്ത് വകുപ്പ് ഓഫീസിനും സെൻട്രൽ ജംഗ്ഷനും ഇടയിലുള്ള ഭാഗമായും ഫ്ളൈഒാവർ ബന്ധിപ്പിക്കും. താലൂക്ക് ഓഫീസ് ഉൾപ്പടെ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ , ഇക്കോ ടൂറിസം സെന്റർ, താലൂക്ക് ആശുപത്രി,കെ.എസ്.ഇ.ബി ഓഫീസ്, പ്രമാടം രാജീവ് ഗാന്ധി ഇന്റോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ കോളേജ്, തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ, സീതത്തോട്, പയ്യനാമൺ, കുമ്മണ്ണൂർ, ഐരവൺ, അട്ടച്ചാക്കൽ, ചെങ്ങറ തുടങ്ങിയ മേഖലകളിലേക്ക് സെൻട്രൽ ജംഗ്ഷനിൽ എത്താതെ പോകാൻ കഴിയും.
പദ്ധതി ചെലവ് : 70 കോടി