22-bee

തണ്ണിത്തോട് : കാലംതെറ്റി പെഴ്ത മഴ തേനീച്ചക്കർഷകരെ പ്രതികൂലമായി ബാധിക്കും. ക്രമംതെറ്റിയുള്ള മഴ മൂലം തേനീച്ചകൾക്ക് പൂമ്പൊടിയും പൂന്തേനും ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. സസ്യങ്ങൾ തോറുമുള്ള തേനീച്ചകളുടെ സഞ്ചാരവും മഴ മൂലം സാദ്ധ്യമല്ലാതായി. ഇതോടെ പുഴു വളർന്ന് മന്ദീഭവിച്ച് കൂടുകൾ ശോഷിക്കുകയും, തേനീച്ചകൾ കൂട്ടത്തോടെ കൂടുപേക്ഷിച്ച് പോവുകയും ചെയ്യുന്നതായി കർഷകർ പറയുന്നു.

ഇത്തവണ ഡിസംബർ 31 മുതൽ ജനുവരി 6 വരെ അധികമഴ പെയ്തു. റബ്ബറിന്റെ തളിരിലകളിൽ നിന്നാണ് തേനീച്ചകൾ തേൻ ശേഖരിക്കുന്നത്. കനത്തമഴയിൽ തളിരിലകൾ കൊഴിഞ്ഞ് പോയതിനാൽ തേൻ ഉത്പ്പാദനം ഗണ്യമായി കുറഞ്ഞേക്കാം. ഇത് തേനീച്ചകളുടെ വളർച്ചയേയും ബാധിക്കും. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് തേനീച്ചകളുടെ വളർച്ച കൂടുതലായി നടക്കുന്നത്. പൂക്കളും പൂമ്പൊടിയും തേനും കൂടുതലുള്ളതും ഇക്കാലത്താണ്. റബറിന്റെ വിലയിടിവു മൂലം കഷ്ടപ്പെടുന്ന മലയോര കർഷകർക്ക് അധിക വരുമാനമായിരുന്നു റബർത്തോട്ടങ്ങളിലെ തേനീച്ച വളർത്തൽ. ഇതിന്റെ സാദ്ധ്യതകൾ കണ്ട് റബർ ബോർഡ് പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. കർഷകരെ കൂടാതെ വീട്ടമ്മമാരും റിട്ടയേർഡ് ഉദ്യോഗസ്ഥരും പ്രവാസികളും ഇതിൽ പങ്കാളികളായിരുന്നു.

ഒരുകിലോ തേനിന് 300 രൂപയാണ് വില 5.50 ലക്ഷം ഹെക്ടർ റബർ തോട്ടത്തിൽ നിന്ന് വർഷം 80,000 ടൺ തേനുത്പ്പാദിപ്പിക്കാൻ കഴിയും. എന്നാൽ ഇത്തവണ ഇതിൽ വലിയ കുറവുണ്ടാകും.