പത്തനംതിട്ട: നഗരസഭ ഭരണം നിലനിറുത്താൻ എസ്.ഡി.പി.ഐയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്ന സി.പി.ഐ മണ്ഡലം കമ്മറ്റിയുടെ ആരോപണം ശരിവച്ച് ജില്ലാ ഘടകം. വിഷയം എൽ.ഡി.എഫ് ജില്ലാ കമ്മറ്റിയിൽ സി.പി.ഐ ഉന്നയിക്കും. എൽ.ഡി.എഫിന്റ പ്രഖ്യാപിത നിലപാടായ മതേതരത്വം കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ പറഞ്ഞു.
നഗരസഭ ഭരണത്തിൽ എസ്.ഡി.പി.ഐ ബന്ധമുണ്ടെന്ന് ആരോപിച്ച സി.പിഐ പത്തനംതിട്ട മണ്ഡലം കമ്മിറ്റി നിലപാട് തിരുത്തണമെന്നും ഇല്ലെങ്കിൽ മേൽഘടകം തിരുത്തിക്കണമെന്നും എൽ.ഡി.എഫ് മണ്ഡലം കമ്മറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് ദോഷം ചെയ്യുന്ന നിലപാടുകളാണ് പത്തനംതിട്ട നഗരസഭയിലും റാന്നി പഞ്ചായത്തിലും കണ്ടത്. പത്തനംതിട്ടയിൽ എസ്.ഡി.പി.ഐക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ലഭിക്കാതിരിക്കാൻ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ജാഗ്രത പുലർത്തി തന്ത്രങ്ങൾ ആവിഷ്കരിക്കണമായിരുന്നു. ഒരു സ്റ്റാൻഡിംഗ് കമ്മറ്റി അവർക്കായി നീക്കിവച്ചതുപോലെയാണ് സംഭവിച്ചത്. ഇത് ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷി സി.പി.ഐയാണ്. ആ നിലയ്ക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആദ്യ ടേം സി.പി.ഐക്ക് കിട്ടേണ്ടതായിരുന്നു. പകരം കേരളകോൺഗ്രസ് മാണി വിഭാഗത്തിന് നൽകുകയായിരുന്നു. ജില്ലയിൽ 87 ജനപ്രതിനിധികൾ സി.പി.ഐക്കുക്കുണ്ട്. മാണി വിഭാഗത്തിന് 10ൽ താഴെയാണുള്ളത്. അടുത്തിടെ മുന്നണിയിലേക്ക് വന്നവരാണ് അവർ.
റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് അംഗം പ്രസിഡന്റായതിനോടും യോജിക്കാൻ കഴിയില്ല. പത്തനംതിട്ടയിലെയും റാന്നിയിലെയും വിഷയങ്ങൾ എൽ.ഡി.എഫിൽ ഉന്നയിക്കുമെന്ന് എ.പി.ജയൻ പറഞ്ഞു.
ഇന്ന് യു.ഡി.എഫ് ധർണ
പത്തനംതിട്ട നഗരസഭയിൽ സി.പി.എമ്മും എസ്.ഡി.പി.ഐയും ഉണ്ടാക്കിയ രഹസ്യധാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഇന്ന് രാവിലെ 10.30ന് നഗരസഭ ഓഫീസിന് മുമ്പിൽ ധർണ നടത്തും. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്യും.