money

അടൂർ : മണലാരണ്യത്തിൽ മുപ്പത് വർഷം വിയർപ്പൊഴുക്കി സമ്പാദിച്ച പണവും കെ.എഫ്.സിയിൽ നിന്ന് വായ്പയെടുത്ത രണ്ട് കോടി രൂപയും ചെവഴിച്ച് നിർമ്മിച്ച ആഡിറ്റോറിയം കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി വിട്ടുനൽകിയ പ്രവാസിയോട് ഭരണകൂടം കാട്ടുന്നത് നീതികേട്. ആഡിറ്റോറിയം ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി നൽകിയിട്ട് ആറ് മാസം പിന്നിട്ടിട്ടും ഇതുവരെ ഒരു രോഗിയെപ്പോലും ഇവിടെ പ്രവേശിപ്പിച്ചിട്ടില്ല, പ്രതിമാസ വാടക നൽകുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ലോണെടുത്ത പണത്തിന്റെ തിരിച്ചടവിനായി ധനകാര്യ സ്ഥാപനവും നികുതി ഇൗടാക്കാൻ തദ്ദേശ സ്ഥാപനവും നോട്ടീസ് അയയ്ക്കുമ്പോൾ പ്രവാസിയായ മണ്ണടി സ്വദേശി സുരേഷ് കുമാറിന്റെ ജീവിതം കടത്തിൽ മുങ്ങുകയാണ്. പ്രതിമാസം മുതലും പലിശയുമുൾപ്പെടെ 3 ലക്ഷം രൂപ തിരിച്ചടവിന് വേണം. ഇതിന് പുറമേ വർഷം 70,000 രൂപ പഞ്ചായത്തുവക നികുതിയും. കെട്ടിടം ഉപയോഗിക്കുന്നില്ലെങ്കിൽ ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുതൽ പഞ്ചായത്ത് വരെ നൽകിയ പരാതിക്കും പരിഹാരമാകുന്നില്ല.

മണ്ണടി മുടിപ്പുര ക്ഷേത്രത്തിന് സമീപം നിർമ്മിച്ച രേവതി ഒാഡിറ്റോറിയം ഉടമയായ സുരേഷ് കുമാർ മുട്ടാത്ത വാതിലുകൾ ഇല്ല. കടംവീട്ടാൻ ഇനിയുള്ള മാർഗം ഏറെ പ്രതീക്ഷയോടെ നിർമ്മിച്ച ആഡിറ്റോറിയം വിൽക്കുക മാത്രമാണെന്ന് ഇദ്ദേഹം പറയുന്നു. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ക്വാറന്റൈൻ സെന്ററായും കൊവിഡ് ചികിത്സാ കേന്ദ്രവുമാക്കി മാറ്റുന്നതിനാണ് ആഡിറ്റോറിയം ഏറ്റെടുത്തത്.

അതേസമയം വിവാഹങ്ങൾ നടത്തുന്നതിന് ഭാഗികമായ അനുമതി ലഭിച്ചതോടെ ആഡിറ്റോറിയം ബുക്ക് ചെയ്യാൻ പലരും സമീപിക്കുന്നുമുണ്ട്.