മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണി സമാപിച്ചു. ഇന്നലെ കോട്ടാങ്ങൽ കരക്കാരുടെ വലിയ പടയണിയും ചിട്ടയോടുകൂടിയ വേലയും വിളക്കും നടന്നു. രാത്രിയിൽ 101 പാളയുടെ ഭൈരവി കോലം കളത്തിലെത്തി. പിന്നീട് അരക്കി യക്ഷി, സുന്ദര യക്ഷി, മറുത, കുട്ടമറുത, പക്ഷി എന്നീ കോലങ്ങളും തുള്ളി ഒഴിഞ്ഞു. പുലർച്ചെയാണ് കാലൻകോലം തുള്ളിയുറഞ്ഞത്. തുടർന്ന് മംഗള ഭൈരവിയോടെ വലിയ പടയണി സമാപിച്ചു.
പാരമ്പര്യ ആചാരത്തിന്റെ ഭാഗമായി കോട്ടാങ്ങലമ്മ കല്ലൂപ്പാറ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി. ക്ഷേത്രത്തിൽ നിന്ന് കാവുംകടവിലേക്ക് നടന്ന എഴുന്നെള്ളത്തിൽ ഇരു കരക്കാരും പങ്കെടുത്തു. ഇന്ന് കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ പുലവൃത്തം തുള്ളി 28 പടയണിക്ക് ശുഭ പര്യവസാനം കുറിക്കും. കുളത്തൂർ പടയണി കമ്മിറ്റി ഭാരവാഹികളായ കെ.ആർ. കരുണാകരൻ നായർ, വാസുക്കുട്ടൻ നായർ തടത്തിൽ, രതീഷ് ബാബു ചളുകാട്ട്, കമ്മിറ്റി ഭാരവാഹികളായ എം.ടി. സുരേഷ്ബാബു മഠത്തിൽ, സുരേഷ് കുമാർ കുന്നനോലിൽ, എൻ.ജി രാധാകൃഷ്ണൻ നെടുമ്പറത്ത്, ദേവസ്വം ഭാരവാഹികളായ സുനിൽകുമാർ വെള്ളിക്കര, സുനിൽ താന്നിക്കപൊയ്കയിൽ, രാജീവ് ചളുക്കാട്ട് എന്നിവർ നേതൃത്വം നൽകി.