തിരുവല്ല: കൃഷിയിൽ വൈവിദ്ധ്യങ്ങൾ വിളയിച്ച് ജില്ലയിലെ സമ്മിശ്ര കർഷകനുള്ള അവാർഡ് രവീന്ദ്രൻ എഴുമറ്റൂർ സ്വന്തമാക്കി. വീട്ടുവളപ്പിലും മറ്റുമായി ഒരേസമയം പലവിധത്തിലുള്ള കൃഷികൾ ചെയ്താണ് ഈനേട്ടം കരസ്ഥമാക്കിയത്. കൃഷിയെ സ്നേഹിക്കുന്നവർക്ക് മണ്ണിൽ പൊന്നുവിളയിക്കാമെന്ന് രവീന്ദ്രന്റെ എഴുമറ്റൂരിലെ ഇടുവിനാംപൊയ്കയിൽ വീട്ടിലെത്തുന്നവർക്ക് നേരിൽക്കണ്ട് മനസ്സിലാക്കാം. വീട്ടുവളപ്പിൽ പാവൽ, പയർ, വെണ്ട, കാബേജ്, ക്വാളി ഫ്‌ളവർ തുടങ്ങി വിഷരഹിതമായ പച്ചക്കറികളുടെ സമൃദ്ധിയാണ്. സമീപത്തായി മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യുന്നു. കുറച്ച് അകലെയായി അഞ്ചു സെന്ററിൽ മത്സ്യക്കുളവും നിർമ്മിച്ചിട്ടുണ്ട്. ആറുമാസം കൊണ്ട് വളർത്തിയെടുക്കാവുന്ന തിലോപ്പിയയാണ് ഇവിടെ ഉള്ളത്. കൂടാതെ നാല് വെച്ചൂർ പശുക്കൾ, ജംനാപ്യാരി ഇനത്തിലെ ആടുകൾ, അമ്പതോളം മുട്ടക്കോഴികൾ അങ്ങനെ ഗ്രാമീണതയുടെ സമൃദ്ധിയിൽ വൈവിദ്ധ്യമാർന്ന കൃഷികളിൽ വിജയം നേടി മാതൃകയാകുകയാണ് രവീന്ദ്രൻ. ഇതോടൊപ്പം വീട്ടിലേക്ക് ആവശ്യമായ ബയോഗ്യാസ് പ്ലാന്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രവീന്ദ്ര റോക്സ് എന്ന സ്ഥാപനത്തിന്റെ തിരക്കുകൾക്കിടയിലും കഴിഞ്ഞ പത്തുവർഷമായി കർഷിക രംഗത്തും ഇദ്ദേഹം സജീവമാണ്. ഭാര്യ തങ്കമ്മയും മകൻ വിനീതും മരുമകൾ ഡോ. നിമിനയുമെല്ലാം രവീന്ദ്രന് പിന്തുണയേകി ഒപ്പമുണ്ട്.