construction
കാവുംഭാഗം -ഇടിഞ്ഞില്ലം റോഡിൽ നടപ്പാത നിർമ്മാണം നടക്കുന്നു

തിരുവല്ല: കിഫ്‌ബി ഫണ്ട് ചെലവഴിച്ച് രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ നടപ്പാതയുടെ നിർമ്മാണം തുടങ്ങി. കാവുംഭാഗം മുതൽ ഇന്റർ ലോക്ക് തറയോട് പാകുന്ന ജോലികളാണ് ആരംഭിച്ചത്. 5 കിലോമീറ്റർ ദൂരമുള്ള റോഡിലെ പ്രധാനപ്പെട്ട അഞ്ചിടങ്ങളിലാണ് തറയോട് പാകുന്ന പണികൾ ആരംഭിച്ചിരിക്കുന്നത്. കാവുംഭാഗം ജംഗ്ഷന്റെ തുടക്കഭാഗം, അഴിയുടത്തുചിറ, വേങ്ങൽ സ്കൂൾ, വേങ്ങൽ പള്ളിപ്പടി, ഇടിഞ്ഞില്ലം ജംഗ്ഷൻ എന്നിവടങ്ങളിലുള്ള 10,000 ചതുരശ്ര അടിയിലാണ് പ്രധാനമായും തറയോട് പാകുന്നത്. റോഡിന്റെ ബാക്കിവരുന്ന മുഴുവൻ ഭാഗങ്ങളിലും ഇരുവശങ്ങളിലായി രണ്ടടി വീതിയിൽ തറയോട് പാകുന്നതിനുള്ള അഡീഷണൽ എസ്റ്റിമേറ്റ് അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ട ടാറിംഗ് അടുത്ത മാസത്തോടെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

-5 കിലോമീറ്റർ ദൂരത്തിൽ 5 ഇടങ്ങളിൽ തറയോട് പാകും

-ഒന്നാം ഘട്ടം പൂർത്തിയായി

-രണ്ടാം ഘട്ടം അടുത്ത മാസത്തോടെ ആരംഭിക്കും