കൊടുമൺ: നാടിനെ കതിരണിയിച്ച കൃഷി ഒാഫീസർ എസ്. ആദിലയ്ക്ക് സംസ്ഥാന പുരസ്കാരം. രണ്ടാമത്തെ മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡാണ് ലഭിച്ചത്. കൊടുമണ്ണിൽ കൃഷി ഓഫീസറായിട്ട് രണ്ടര വർഷമായി. തരിശായി കിടന്ന പാടശേഖരങ്ങളിൽ നെൽ കൃഷിയിറക്കി കൊടുമൺ റൈസ് എന്ന ബ്രാൻഡിൽ അരി വിപണിയിലെത്തിച്ചു.
കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി എന്ന സഹകരണ സംഘം രൂപീകരിച്ചിരുന്നു. വിവിധ പാടശേഖര സമിതികളുടെ സഹകരണത്തോടെ നെൽകൃഷി ആരംഭിച്ചു. 179.2 മെട്രിക് ടൺ ഉണ്ടായിരുന്ന വിളവ് 400 മെട്രിക് ടണ്ണായി ഉയർത്താൻ ശാസ്ത്രീയ രീതിയാണ് അവലംബിച്ചത്. ഔഷധ ഗുണമുള്ള ഞവര അരി, രക്തശാലി അരി എന്നിവയും കൃഷി ചെയ്യുന്നു. മൂല്യവർധിത ഉൽപന്നങ്ങളായ തവിട് കേക്ക്, ഔഷധക്കൂട്ട്, പൊടിയരി, ഉമിക്കരി, തവിടിന്റെ അംശം കൂടിയ അരികൾ എന്നിവയും വിൽക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സഹായത്തോടെ റൈസ് മിൽ സ്ഥാപിക്കുന്നതിന് തുടക്കമിട്ടു.
കുറഞ്ഞ അളവിൽ രാസവളം ചേർത്ത് കീടനാശിനി ഒഴിവാക്കിയായിരുന്നു നെൽകൃഷി. പഞ്ചായത്തിലെ 509 ഹെക്ടർ സ്ഥലം മൂന്നു വർഷംകൊണ്ട് തരിശ് രഹിതമാക്കി. ട്രാക്ടറും കൊയ്ത്ത്, മെതിയന്ത്രങ്ങളും എത്തിച്ചു.
കീട നിയന്ത്രണത്തിന് പാടശേഖരങ്ങളിൽ സോളാർ കെണികൾ സ്ഥാപിച്ചു. ഡ്രോൺ വഴിയാണ് വളപ്രയോഗം നടത്തുന്നത്. ജില്ലയിലെ ആദ്യ തരിശ് രഹിത, ജൈവ കാർഷിക പഞ്ചായത്താണ് കൊടുമൺ. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. കൊടുമൺ റൈസിന്റെ സംഭരണ വിപണന സൗകര്യത്തിനായി കൊടുമൺ പഞ്ചായത്തിൽ എക്കോ ഷോപ്പ് തുടങ്ങി. കുടുംബശ്രീ യൂണിറ്റുകളുടെ കീഴിൽ പച്ചക്കറി കൃഷിയും നടക്കുന്നുണ്ട്. വാഴ, പച്ചക്കറി, നെല്ല് എന്നിവയിൽ കീടനാശിനി ഉപയോഗം കുറയ്ക്കുന്നതിന് പരിസ്ഥിതി എൻജിനീയറിംഗ് പ്രദർശന തോട്ടം ഒരുക്കി.
ആദിലയുടെ ഭർത്താവ് കെ. ഹനീഷ്, പന്തളം തരകംവിളയിൽ കുടുംബാംഗമാണ്. പത്തനംതിട്ട കളക്ടറേറ്റിൽ റവന്യുവകുപ്പ് ഉദ്യോഗസ്ഥനാണ്. മക്കൾ: ആദിദ്, ആമിൻ, മറിയം.
'' കർഷകരുടെയും പഞ്ചായത്തിന്റെയും കൃഷിഭവൻ ജീവനക്കാരുടെയും സഹകരണത്താലാണ് കൊടുമണ്ണിൽ മികച്ച രീതിയിൽ കൃഷിയിറക്കാൻ കഴിഞ്ഞത്. കൂട്ടായ പ്രവർത്തിക്കാനുള്ള മനസുണ്ടെങ്കിൽ പദ്ധതികൾ ഏറ്റെടുത്ത് മുന്നോട്ടു പോകാൻ കഴിയും.
എസ്. ആദില