jacob-joseph
ജേക്കബ് ജോസഫ്

ഇരവിപേരൂർ: ഗിൽഗാൽ ആശ്വാസഭവനിലൂടെ അശരണർക്ക് ആശ്വാസമായി മാറിയ ജേക്കബ് ജോസഫ് കൃഷിയിലും തിളങ്ങി. മികച്ച പച്ചക്കറി കർഷകനുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ ഹരിതമിത്രം പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.
മണിമല കരിക്കാട്ടൂർ സ്വദേശിയായ പാസ്റ്റർ ജേക്കബ് ജോസഫ് രണ്ടു പതിറ്റാണ്ട് മുമ്പാണ് ഇരവിപേരൂരിലെത്തി ഗിൽഗാൽ ആശ്വാസഭവൻ ആരംഭിക്കുന്നത്. 350 അന്തേവാസികളാണ് ആശ്വാസഭവനിലുള്ളത്.
കൃഷിയിൽ താത്പര്യമുള്ള ജേക്കബ് ജോസഫ് സ്വന്തം സ്ഥലത്തിന് പുറമേ എട്ടിടങ്ങളിലായി പാട്ടത്തിനെടുത്ത 25 ഏക്കറോളം സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നുണ്ട്. ആശ്വാസഭവന് വരുമാനമാർഗമായി പച്ചക്കറി കൃഷിയെ അദ്ദേഹം മാറ്രി. കഴിഞ്ഞ മാസം രണ്ടരലക്ഷം രൂപയുടെ പച്ചക്കറി വിൽക്കാനായി. ദിവസവും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും പച്ചക്കറിതോട്ടത്തിലാണ് ജേക്കബ് ജോസഫ്.
മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ തട്ടുതട്ടായി കാബേജ്, ചീര എന്നിവ കൃഷി ചെയ്തിരിക്കുകയാണിപ്പോൾ. 10 സെന്റിൽനിന്ന് അര ഏക്കറിലെ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. മുകളിൽ മഴമറ ഇട്ടതിനാൽ വർഷം മുഴുവൻ കൃഷി ചെയ്യാം.
ചെറുതുള്ളികളായി വെള്ളം സ്്രേപ ചെയ്യുന്നതുകൊണ്ട് അന്തരീഷ ഊഷ്മാവ് ശീതകാല പച്ചക്കറിക്ക് അനുയോജ്യമായ രീതിയിൽ നിലനിറുത്താൻ കഴിയും. മണ്ണിര കമ്പോസ്റ്റാണ് പ്രധാന വളം. കമ്പോസ്റ്റ് കൃഷിയിടത്തിൽ തന്നെ സൃഷ്ടിക്കും. വിളവെടുപ്പിനുശേഷമുള്ള ഇലകളും വള്ളികളുമൊക്കെ കമ്പോസ്റ്റിലേക്കാണ് പോകുന്നത്.
44 പശുക്കൾ, 30 ആടുകൾ, 100 കോഴികൾ എന്നിവ അദ്ദേഹത്തിനുണ്ട്. അഞ്ച് ഏക്കറിൽ തീറ്റപ്പുല്ല കൃഷിയുണ്ട്. കൃഷിപ്പണിക്കായി 15 സ്ഥിരം തൊഴിലാളികളുണ്ട്. വില്പനയ്ക്കായി പ്രത്യേക കേന്ദ്രവുമുണ്ട്.