അടൂർ: വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് കച്ചവടവും പെൺ വാണിഭവും നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കോഴിക്കോട് ഫറൂക്ക് കൈതോലി പാടത്തിൽ ജംഷീർ ബാബു (37) , പുനലൂർ മാത്ര വെഞ്ചേമ്പ് സുധീർ മൻസിൽ ഷമീല (36), പാലക്കാട് കോട്ടായി ചേന്നംകോട് വീട്ടിൽ അനിത (26)എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം ഇടുക്കിയിൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയിൽ നിന്നാണ് പന്നിവിഴ ഭാഗത്ത് വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനെക്കുറിച്ച് ഏക്സൈസിന് വിവരംലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ. കെ. റജിമോൻ, പ്രവിന്റീവ് ഒാഫീസർമാരായ എസ്. മനോജ്, പി. ബിനു, ഹരിഹരൻ ഉണ്ണി, സി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി . ഇൗ സമയം സിഗരറ്റിന്റെ സുക്കമാറ്റി അതിനുള്ളിൽ കഞ്ചാവ് നിറയ്ക്കുകയായിരുന്നു ഷമീല. 300 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ ഇവരെ വിട്ടയച്ചശേഷമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തതോടെ പെൺവാണിഭം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു. തുടർന്ന് മൂന്നുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു. വാട്ട്സാപ്പ് ഗ്രൂപ്പുവഴിയാണ് ഇവർ ആളുകളെ ആകർഷിച്ചുവന്നത്. പെൺകുട്ടികളുടെ ചിത്രവും നൽകേണ്ട തുകയും വാട്സ് ആപ്പിലൂടെ അയച്ചു കൊടുക്കും. തുടർന്ന് ആവശ്യക്കാർ വീട്ടിലെത്തുകയോ, പറയുന്ന സ്ഥലത്ത് കാറിൽ എത്തിച്ചു കൊടുക്കുകയോ ചെയ്തുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എട്ട് മാസമായി മാർക്കറ്റ് റോഡ് - പാമ്പേറ്റുകുളം റോഡിന്റെ ഒാരത്തുള്ള വീട് വാടകയ്ക്കെടുത്ത് ഇടപാട് നടത്തിവരികയായിരുന്നു. അടൂർ സി.ഐ യു. ബിജു എസ്.ഐ മാരായ ധധ്യ ,ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.