അരുവാപ്പുലം: നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന പുരാതന സംസ്‌കൃതിയുടെ അവശിഷ്ടങ്ങളുമായി കുറിച്ചി അന്നപൂർണേശ്വരിക്ഷേത്രം. കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് കോട്ടാമ്പാറ വനമേഖലയിലാണ് ക്ഷേത്രാവശിഷ്ടങ്ങളുള്ളത്. ഗോത്രാചാരങ്ങളും, മിത്തുകളും കെട്ടുപിണഞ്ഞു കിടക്കുന്ന വനമദ്ധ്യത്തിലേക്കുള്ള യാത്ര നയനവിരുന്നൊരുക്കുന്നതാണ്. കൊക്കാത്തോട്ടിൽ നിന്ന് 7 കിലോമീറ്റർ വനത്തിലൂടെ വേണം സഞ്ചരിക്കാൻ. വനം വകുപ്പിന്റെ റോഡിലൂടെ വനമേഖലയിലെ ക്ഷേത്ര പരിസരത്തേക്ക് സഞ്ചരിക്കണമെങ്കിൽ കല്ലേലിയിലെ ചെക്ക് പോസ്റ്റിൽ നിന്ന് വനപാലകരുടെ മുൻകൂർ അനുമതി വാങ്ങണം. വഴിയരികിൽ ചിലപ്പോൾ വന്യമൃഗങ്ങളേയും കാണാം. കാട്ടാനകൾ നശിപ്പിച്ച നിലയുള്ള ക്ഷേത്രപരിസരത്ത് ചീവിടുകളുടെ ശബ്ദംമാത്രം. മലമുഴക്കി വേഴാമ്പലിനെയും, കാട്ടുകോഴികളെയും ഇവിടെ കാണാം. ക്ഷേത്രാവശിഷ്ടങ്ങൾ പല സ്ഥലങ്ങളിലായി കിടക്കുകയാണ്. ശ്രീകോവിലിന്റെ തറയും വിഗ്രഹങ്ങളും പലയിടങ്ങളിലായി കിടക്കുന്നു. സമീപത്തുതന്നെ ക്ഷേത്രകുളവുമുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപിവിടെ ഒരാളെ കടുവ കൊന്നതിന് ശേഷം സഞ്ചാരികൾക്ക് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നട്ടുച്ച നേരത്തും കുളിർകാറ്റ് വീശുന്ന ഇവിടെ നിന്നാൽ മേടുകളുടെ നിരകാണാം. പുരാതന കാലത്ത് ഇവിടെ ജനവാസമുണ്ടായിരുന്നതിന്റെ തെളിവായ അവശിഷ്ടങ്ങൾ പലതും കാണാൻ കഴിയുന്ന ഈ വനമേഖല അച്ചൻകോവിൽ നദീതട സംസ്കാരത്തിന്റെ ഭാഗമാണന്നും പറയപ്പെടുന്നു. മഴ ഏറെ ലഭിക്കുന്ന ഇവിടെ നിരവധി ചെറിയ അരുവികളുമുണ്ട്. കോന്നി, കല്ലേലി, കൊക്കാത്തോട് വഴിയാണ് പോകേണ്ടത് യാത്ര മദ്ധ്യേ ഗോത്ര സമൂഹത്തിന്റെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കല്ലേലി ഊരാളിയപ്പൂപ്പൻ കാവും, പ്രതികാരത്തിന്റെ കഥ പറയുന്ന കാട്ടാത്തിപ്പാറയും കാണാം. കാട്ടാത്തി, കോട്ടാമ്പാറ ആദിവാസി കോളനികളും ഇവിടേക്കുള്ള വഴിയുടെ സമീപ പ്രദേശങ്ങളിലാണ്.