പത്തനംതിട്ട : പഠനം മാത്രമല്ല സ്കൂൾ വാർഷിക ദിനവും ഓൺലൈനിലേക്ക് മാറ്റി പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമാണ് സ്കൂളിലെ വാർഷിക ദിനമായി ആഘോഷിക്കുന്നത്. ഒരു വർഷം നീളുന്ന നേതാജിയുടെ 125-ാമത് ജന്മദിനാഘോഷങ്ങൾക്കും 72-ാമത് വാർഷിക ദിനത്തിൽ സ്കൂൾ തുടക്കമിടുകയാണ്. വിദ്യാർത്ഥികളുടെ കലാ ആവിഷ്കാരങ്ങളും അതിഥികളുടെ പ്രഭാഷണങ്ങളും നേരത്തെ ഷൂട്ട് ചെയ്ത് വീഡിയോ രൂപത്തിലാക്കി.നേതാജി യൂട്യൂബ് ചാനലിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് സംപ്രേഷണം ചെയ്യും. നാടക ചലച്ചിത്ര നടൻ അമൽ രാജ്ദേവ് ഉദ്ഘാടനം ചെയ്യും. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ള,ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത്,റിട്ട അറ്റാഷെ കെ.എസ് ധർമരാജ്, പഞ്ചായത്തംഗം ലിജ ശിവപ്രകാശ്,പി.ടി.എ പ്രസിഡന്റ് ശ്രീനിവാസൻ,ഹെഡ്മാസ്റ്റർ കെ.ജയകുമാർ, പ്രിൻസിപ്പൽ ഇൻചാർജ് ആർ.ദിലീപ് എന്നിവർ സംസാരിക്കും.