മാറ്റങ്ങൾ ആകണം വികസനം
പള്ളിക്കൽ : വികസനം വിശാലമാണ്, അത് നിരന്തരം മാറി കൊണ്ടിരിക്കും. ഇന്നലെത്തേതിൽ നിന്ന് ഇന്ന് എനിക്ക് എന്ത് മാറ്റമുണ്ടായി എന്ന് ചിന്തിക്കുന്നിടത്തു നിന്നാണ് വികസനം തുടങ്ങുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ അഭിപ്രായപ്പെട്ടു. കേരളകൗമുദിയും തെങ്ങമം യുവരശ്മി ഗ്രന്ഥശാലയും സംയുക്തമായി തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇരുന്നൂറ് വർഷം മുൻപുള്ള കെട്ടിടങ്ങളും മറ്റും അഭിമാനത്തോടെ നാം പലപ്പോഴും ചൂണ്ടികാട്ടുന്നു. എന്നാൽ ഇരുന്നൂറ് വർഷം കഴിയുമ്പോൾ അന്നത്തെ തലമുറയ്ക്ക് ചൂണ്ടികാട്ടുവാൻ എന്ത് നിർമിതികളാണ് നാം പടുത്തുയർത്തുന്നത്. നിർമ്മിതികൾ കാലത്തെ അടയാളപ്പെടുത്തണം. കാർഷിക ഗ്രാമമായ പള്ളിക്കലിൽ കർഷകരെ സഹായിക്കാൻ പദ്ധതികൾ വേണം. കുടിവെള്ളക്ഷാമത്തിന് പരിഹാര ഉണ്ടാകണം. വികസന സെമിനാർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളിൽ സാദ്ധ്യമായവയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ ഉരുതിരിയുന്ന ആശയങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കാൻ ശ്രമിക്കുമെന്ന് അവർ പറഞ്ഞു.
നൂറ്റിപത്തു വയസുള്ള കേരളകൗമുദിയുടെ ജനപക്ഷത്തു നിന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇത്തരം സെമിനാറുകൾ.
ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹാരം കാണുന്നതിലൂടെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ജനപ്രതിനിധികൾക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ൈവസ് പ്രസിഡന്റ് എം.മനു, സി.ആർ.ദിൻ രാജ്, വിമൽ കൈതക്കൽ, പി.ശിവൻകുട്ടി, തെങ്ങമം രാഘവൻ , കേരളകൗമുദി ലേഖകൻ ജയൻ ബി. തെങ്ങമം, പള്ളിക്കൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. വനമിത്ര അവാർഡ് നേടിയ ആയൂർവേദ സസ്യസംരക്ഷകൻ തെങ്ങമം ഇളങ്ങളളൂർ മാധവകുറുപ്പിനെ ആദരിച്ചു.
എല്ലാവർക്കും വേണം കുടിവെള്ളം
പള്ളിക്കൽ : കുടിവെള്ളക്ഷാമം പരിഹരിക്കാൻ സമഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് പള്ളിക്കൽ പഞ്ചായത്ത് ഗ്രാമവികസന സെമിനാറിൽ പൊതുആവശ്യമായി ഉന്നയിക്കപ്പെട്ടു.
കൂടാതെ പള്ളിക്കലിന്റെ പ്രാദേശിക വികസനത്തിന് സാദ്ധ്യതകളുള്ള നിരവധി പദ്ധതികളും പ്രവർത്തനങ്ങളും നിരവധിയാളുകൾ ചൂണ്ടിക്കാട്ടി.
25 ഏക്കറിലധികം സ്ഥലത്തെ നെല്ല് കൊയ്തെടുക്കുവാൻ ആളില്ലാതെ വിഷമിക്കുകയാണെന്നും പഞ്ചായത്തുതലത്തിൽ പരിഹാരം കാണണമെന്ന ആവശ്യവുമായി ചെറുകുന്നം ഏലായിലെ കർഷകരും സെമിനാറിനെത്തി. പള്ളിക്കലാറിൽ ഒഴിപ്പിച്ച ഇടങ്ങൾ വീണ്ടും കൈയേറിയിരിക്കുകയാണന്നും ഇത് വീണ്ടെടുത്ത് ആറ്റിൽ നിശ്ചിത അളവിൽ തടയണ നിർമിക്കണമെന്നും ആവശ്യമുയർന്നു. മാലിന്യ സംസ്കരണത്തിന് മാതൃകാപരമായ കേന്ദ്രം വേണം. വൈദ്യുത ശ്മശാനം സ്ഥാപിക്കണം. ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങൾ കുടുംബശ്രീ യൂണിറ്റുകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വിട്ടുനൽകണം, തൊഴിലുറപ്പിനെ കാർഷിക മേഖലയുമായി ബന്ധപ്പെടുത്തണം തുടങ്ങി നിരവധി ആവശ്യങ്ങളും സെമിനാറിൽ ഉയർന്നുവന്നു.
സെമിനാറിൽ ഉയർന്ന വിവിധ ആവശ്യങ്ങൾ
(യുവരശ്മി ലൈബ്രറി അംഗങ്ങൾ ഉന്നയിച്ചത്)
ആറാട്ട് ചിറ ടൂറിസം പദ്ധതി പ്രാവർത്തികമാക്കണം.
പള്ളിക്കലിൽ കലാകാരൻമാർക്ക് സ്മാരകം വേണം.
കൃഷിക്കാരെ സഹായിക്കാൻ പദ്ധതികൾ വേണം.
കൃഷിഭവന് സ്വന്തം കെട്ടിടം വേണം.
തെങ്ങമത്ത് പൊലീസ് എയ്ഡ് പോസ്റ്റ്.
ബാങ്ക് ശാഖയും എ.ടി.എമ്മും.
ജില്ലാ ആസ്ഥാനത്തേക്ക് ട്രാൻസ് പോർട്ട് സർവ്വീസ്.
കാർഷിക വിപണിക്ക് കെട്ടിടം.
( ഇളംപള്ളിൽ പ്രതീക്ഷ ക്ളബ് ഉന്നയിച്ചത് )
ലൈബ്രറികൾക്ക് ധനസഹായം നൽകണം.
സാഹിത്യോൽസവങ്ങൾ സംഘടിപ്പിക്കണം.
കായികതാരങ്ങൾക്ക് പരിശീലനം നൽകണം.
മെച്ചമായ കളിസ്ഥലങ്ങൾ നിർമ്മിക്കണം.