പത്തനംതിട്ട: കോൺഗ്രസിന്റെ പ്രധാന ചുമതലകളിൽ നിന്നും സ്ഥാനാർത്ഥി നിർണയത്തിൽ നിന്നും തഴയുന്നതിനെതിരെ എ.എെ.സി.സിക്ക് ജില്ലയിലെ ഇൗഴവരായ കോൺഗ്രസ് നേതാക്കളുടെ പരാതി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇൗഴവ വിഭാഗത്തിന് ജില്ലയിൽ ഒരു സീറ്റ് നൽകണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നും ദേശീയ നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി, കെ.സി.വേണുഗോപാൽ, എ.എെ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.പി.സി.സി നേതാക്കൾ എന്നിവർക്ക് അയച്ച കത്തിൽ പറയുന്നു.
ജില്ലയിലെ പാർട്ടി പദവികളിൽ നിന്ന് ഇൗഴവ വിഭാഗത്തെ പാടെ തഴയുകയാണ്. ഡി.സി.സിയുടെ ഒൻപത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ പോലും ഇൗഴവ വിഭാഗത്തിൽ നിന്നില്ല. 79 ഭാരവാഹികളിൽ ഇൗഴവ വിഭാഗത്തിന് അഞ്ച് ജനറൽ സെക്രട്ടറിമാരെ ലഭിച്ചത് വലിയ സമ്മർദ്ദത്തെ തുടർന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം.സുധീരൻ ഇടപെട്ടാണ്. സി.പി.എം, സി.പി.എെ ജില്ലാ സെക്രട്ടറിമാർ ഇൗഴവ വിഭാഗത്തിൽ നിന്നുള്ളവരാണ്. എന്നാൽ, ഇൗഴവ വിഭാഗത്തിൽ നിന്ന് ഒരാളെപ്പോലും ഡി.സി.സി പ്രസിഡന്റാക്കിയിട്ടില്ല.
സ്ഥാനാർത്ഥി നിർണയത്തിൽ അടുത്തിടെ ഇൗഴവരോട് സാമൂഹിക അകലം നിലനിറുത്തുകയാണ്. ഇൗഴവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികൾ മത്സരിച്ചപ്പോഴെല്ലാം വിജയിച്ചിട്ടുണ്ട്. പി.എൻ.ചന്ദ്രശേഖരൻ, എം.കെ ഹേമചന്ദ്രൻ, കെ.കെ. ശ്രീനിവാസൻ, അടൂർ പ്രകാശ് തുടങ്ങിയവർ നിയമസഭയിലേക്ക് വിജയിച്ചു. കെ.പി.സി.സി പ്രസിഡന്റായിരുന്ന വയലാർ രവിയുടെ ഇടപെടലിനെ തുടർന്നാണ് കോന്നിയിൽ അടൂർ പ്രകാശിന് മത്സരിക്കാനായത്. അടൂർ പ്രകാശിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ മറ്റ് സമുദായങ്ങളിലെ കോൺഗ്രസ് നേതാക്കൾ വലിയ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
ഇൗഴവ വോട്ടർമാർ 65 ശതമാനം വരുന്ന കോന്നിയിൽ കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നായർ സ്ഥാനാർത്ഥിയെ കോൺഗ്രസ് മത്സരിപ്പിച്ചപ്പോൾ പരാജയപ്പെട്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത് ഇൗഴവ വോട്ടുകളുടെ പിൻബലത്തിലാണ്. 35ശതമാനം ഇൗഴവരുള്ള ആറൻമുളയിൽ നായർ സ്ഥാനാർത്ഥികളാണ് സ്ഥിരമായി മത്സരിക്കുന്നത്.
പാർട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ അവഗണനയിൽ ജില്ലയിൽ ഇൗഴവ വിഭാഗത്തിലെ കോൺഗ്രസ് നേതാക്കൾ അതൃപ്തരാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇൗഴവ സ്ഥാനാർത്ഥികളെ പരിഗണിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ സ്ഥിതി ദയനീയമായിരിക്കുമെന്ന് നേതാക്കൾ കത്തിൽ പറയുന്നു.
കെ.പി.സി.സി സെക്രട്ടറിമാരായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. വി.ആർ. സോജി, എം.എസ് പ്രകാശ്, എലിബത്ത് അബു, എസ്.വി പ്രസന്നകുമാർ, സുനിൽ എസ്. ലാൽ, ഡി.എൻ. ത്രിദീപ്, മുൻ ഡി.സി.സി ജനറൽ സെക്രട്ടറി പഴകുളം ശിവദാസൻ, പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സൺ രജനി പ്രദീപ്, ബ്ളോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ളാവിളയിൽ, മുൻ ജില്ലാ പഞ്ചായത്തംഗങ്ങളായ വിനീത അനിൽ, ആശാ ബെൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ലക്ഷ്മി അശോക് എന്നിവരാണ് കത്തയച്ചത്.