തണ്ണിത്തോട്: മുണ്ടോംമൂഴി മണ്ണീറ റോഡിന്റെ പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം. എൽ.എ അറിയിച്ചു. തണ്ണിത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡിലെ 1.20 കിലോമീറ്റർ ദൂരമുള്ള റോഡ് നാളുകളായി തകർന്നു കിടക്കുകയായിരുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രമായ അടവിയിലേക്കും, മണ്ണീറഉൾപ്പടെയുള്ള മലയോര മേഖലയിലേക്കും യാത്രയ്ക്ക് ഉപയോഗിക്കുന്ന റോഡാണിത്. വനം വകുപ്പിന്റെ റോഡ്‌സ് ക്യാപ്പിറ്റൽ ഹെഡിൽ ഉൾപ്പെടുത്തിയാണ് പത്ത് ലക്ഷം രൂപ അനുവദിച്ചത്. റോഡ് പൂർണമായും തകർന്ന ഭാഗങ്ങളിലെല്ലാം ഇളക്കി മാറ്റി ടാറിംഗ് നടത്തും. അടവി കുട്ട വഞ്ചി കേന്ദ്രത്തിലേക്ക് കയറുകയും, ഇറങ്ങുകയും ചെയ്യുന്ന റോഡുകളും ഉയർത്തി വീതി കൂട്ടി ടാറിംഗ് നടത്തും.കുട്ടവഞ്ചി കേന്ദ്രത്തിലേക്ക് കയറുന്നതിനു മുൻപുള്ള ചപ്പാത്തിന്റെ ഭാഗവും ഇളക്കി ടാർ ചെയ്യും. ബാക്കി ഭാഗങ്ങളെല്ലാം പാർച്ച് വർക്കും നടത്തും. വനം വകുപ്പു വക റോഡ് ആയതിനാൽ വനം വകുപ്പ് ഫണ്ട് ഉപയോഗിച്ചു മാത്രമേ നിർമ്മാണം നടത്താൻ കഴിയുമായിരുന്നുള്ളുവെന്നും ടെൻഡർ നടപടികൾ ആരംഭിച്ചതായും, ഫെബ്രുവരി എട്ടാം തീയതി കൊണ്ട് നടപടികൾ പൂർത്തീകരിച്ച് ഉടൻ നിർമ്മാണമാരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.